ട്രംപിനെ കൊല്ലാൻ പദ്ധതിയിട്ടത് സമ്മർദ്ദം കൊണ്ടെന്ന് പാക് സ്വദേശി

ഇസ്‌ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ ഗവർണർ നിക്കി ഹെയ്‌ലി തുടങ്ങിയവരെ കൊലപ്പെടുത്താൻ ഇറാൻ ചാരന്മാർ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് പാകിസ്ഥാൻ സ്വദേശി. മൂവരെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് നിലവിൽ വിചാരണ നേരിടുകയാണ് 47കാരനായ ആസിഫ് മെർച്ചന്റ്. സ്വന്തം ഇഷ്ടപ്രകാരമല്ല ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ‌പ്‌സുമായി താൻ പ്രവർത്തിച്ചതെന്നും ഇയാൾ കോടതിയോട് വ്യക്തമാക്കി.

കോർപ്‌സിന്റെ ഉന്നത കമാൻഡറായ കാസിം സുലൈമാനിയെ 2020ൽ യുഎസ് വധിച്ചതിന്റെ പ്രതികാരമായി ട്രംപ് ഉൾപ്പെടെ രാഷ്ട്രീയ പ്രമുഖരെ കൊലപ്പെടുത്താൻ രാജ്യത്ത് ആളുകളെ റിക്രൂട്ട് ചെയ്തതായാണ് ആസിഫിനെതിരെ യുഎസ് ജസ്റ്റിസ് വകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ആ സമയത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനാർത്ഥികൾ ട്രംപും ബൈഡനുമായിരുന്നു. ഇതിന് ഒരുമാസം മുൻപ് ഹെയ്‌ലി മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്തു.മുൻ ബാങ്ക് ഉദ്യോഗസ്ഥനാണ് ആസിഫ്. കയറ്റുമതി ബിസിനസ് നടത്തിയിരുന്നത് പൊളിഞ്ഞു.

യുഎസ് ഉന്നതരെ വധിക്കാനുള്ള പദ്ധതിയിൽ പങ്കാളിയായത് തന്റെ കുടുംബത്തെ രക്ഷപ്പെടുത്താനായിരുന്നുവെന്നാണ് ഇയാൾ കോടതിയോട് പറഞ്ഞത്. എനിക്ക് മറ്റ് വഴിയില്ലായിരുന്നു. എന്റെ കുടുംബത്തെ അവർ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ കോടതിയോട് വ്യക്തമാക്കി.2023ന്റെ തുടക്കത്തിലാണ് ഇറാൻ ചാരന്മാരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയതെന്നാണ് ആസിഫ് വെളിപ്പെടുത്തിയത്. യുഎസ് ഉപരോധങ്ങൾ ഒഴിവാക്കുന്നതിനായി പണം വെളുപ്പിക്കാൻ അവരെ സഹായിച്ചു. കൊലപാതകത്തിന് ഗൂഢാലോചന നടത്താനും യുഎസ് രേഖകൾ മോഷ്ടിക്കാനും ഇറാൻ ചാരനായ മെഹർദാദ് യൂസഫ് 2024ൽ തന്നെ യുഎസിലേക്ക് അയച്ചതായും ഇയാൾ വ്യക്തമാക്കി.

ഒരു ഹോട്ടലിനുള്ളിൽവച്ച് കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുന്നതിനിടെ 2024ലാണ് ആസിഫ് പിടിയിലായത്. എഫ്‌ബിഐയുടെ രഹസ്യ ക്യാമറയിൽ ഇയാൾ പതിഞ്ഞതാണ് നിർണായകമായത്. എന്നാൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അറിയാമായിരുന്നുവെന്നും ഇതിനായി മാനസികമായി തയ്യാറായിരുന്നുവെന്നും ആസിഫ് കോടതിയിൽ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് യുഎസ് അധികാരികളോട് പറയാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു. ആസിഫിന്റെ ഭാര്യയും മൂന്ന് കുട്ടികളും ഇപ്പോഴും പാകിസ്ഥാനിലാണ് താമസിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *