സംവിധായകൻ അഖിൽ മാരാർ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി?

കൊല്ലം: സംവിധായകനും ബിഗ്ബോസ് സീസൺ 5 വിജയിയുമായിരുന്ന അഖിൽ മാരാരെ ട്വന്റി20 കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. ഇപ്പോൾ ട്വന്റി20യുള്ള എൻഡിഎ കൊല്ലം ജില്ലയിലെവിടെയെങ്കിലും അഖിൽ മാരാരെ സ്ഥാനാർത്ഥിയാക്കണം എന്നതിൽ ആലോചന നടത്തുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് ഒരു വാർത്താ സമ്മേളനം വിളിച്ചുചേർക്കുന്നുണ്ട്. ഇതിൽ ഇക്കാര്യം പ്രഖ്യാപിക്കുമോ എന്നാണ് കാണേണ്ടത്.
വാർത്താ സമ്മേളനത്തിൽ അഖിൽ മാരാർക്ക് ഔദ്യോഗികമായി അംഗത്വം സാബു എം ജേക്കബ് നൽകുമെന്നാണ് വിവരം.അതേസമയം കോൺഗ്രസ് അനുഭാവത്വമുള്ള ആളായിരുന്നു അഖിൽ മാരാർ. കോൺഗ്രസ് അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മുൻപ് പ്രസ്താവനയും നടത്തിയിരുന്നു. ഇതോടെ അദ്ദേഹം കൊല്ലത്ത് സ്ഥാനാർത്ഥിയാകും എന്ന് പ്രചാരണം ഉണ്ടായി. കൊട്ടാരക്കര സ്വദേശിയാണ് അഖിൽ മാരാർ.
മത്സരിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ജയിക്കുന്ന സീറ്റ് വേണ്ടെന്നും പാർട്ടി തോൽക്കുന്ന സീറ്റ് മതിയെന്നുമാണ് അഖിൽ പറഞ്ഞത്. നേമം, ധർമടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിലൊന്നിൽ പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ചടയമംഗലം പരിഗണിക്കാം എന്ന് ചില നേതാക്കൾ പിന്തുണച്ചെങ്കിലും പിന്നീട് നിലപാട് എതിരായി.
ഇതിനിടയിൽ ട്വന്റി20 നേതാക്കളുമായി താൻ ചർച്ച നടത്തി എന്ന വിവരം അഖിൽ മാരാർ സ്ഥിരീകരിച്ചു. ഒരാഴ്ചയോളമായി ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. ബിജെപിയും അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിനായി സമീപിച്ചിരുന്നെങ്കിലും അഖിൽ മാരാർ താൽപര്യം കാണിച്ചിരുന്നില്ല. ബിജെപിയിൽ നേരിട്ട് അംഗമാകാൻ അഖിൽ മാരാർ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് സൂചന.
കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ആർ രശ്മിയെ കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിന് ബിജെപി താൽപര്യപ്പെട്ടിരുന്നു. പക്ഷെ രശ്മിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ എന്ന കാര്യം പരിഗണിച്ചാണ് അഖിൽ മാരാരെ ഇവിടെ പരിഗണിക്കുന്നത് എന്നാണ് സൂചന.



