മന്ത്രിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി,​ ബാറുകളുടെ സമയം ദീർഘിപ്പിക്കുന്നതിൽ പ്രതിപക്ഷവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് വിഡി സതീശൻ

തൃശൂർ: ബാറുകളുടെ സമയം ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരോ എക്‌സൈസ് മന്ത്രിയോ പ്രതിപക്ഷവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. ഇക്കാര്യത്തിൽ ഒരു വർഷം മുൻപ് പിന്തുണ ആവശ്യപ്പെട്ട് ബാറുടമകൾ സമീപിച്ചിട്ടുണ്ട്.

സമയം നീട്ടി നൽകുന്നതിൽ പ്രതിപക്ഷത്തിന് ഒരു റോളുമില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാർ ഉടമകളല്ല സർക്കാരിനോട് പറയേണ്ടത്. പക്ഷെ സർക്കാർ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ലായിരുന്നു. എൽ.ഡി.എഫ് കൺവീനറോ നേതാക്കളോ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മന്ത്രിസഭയിൽ വയ്ക്കാതെ, ആരുമായും ചർച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.

എക്‌സൈസ് മന്ത്രി ഈ വിഷയം പ്രതിപക്ഷത്തെ ഒരാളുമായും ചർച്ച നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഒരു ഫോൺ കോളിലൂടെയോ നിയമസഭയിൽ നേരിട്ടോ എക്‌സൈസ് മന്ത്രി സംസാരിച്ചിട്ടില്ല. സർക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കിൽ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാർ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോൾ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവന. കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കേണ്ടെന്ന മന്ത്രിയുടെ ഭീഷണി കൈയിൽ വച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *