മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ

ന്യൂഡൽഹി: മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് അരുൺ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും ഇതുവരെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം അനുസരിക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു.’ഇതുവരെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും ആലോചിച്ചിട്ടില്ല.

ഞങ്ങൾ ഒരു പാർട്ടി കുടുംബമാണ്. സുരേഷ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന വാർത്ത ഞാൻ കേട്ടില്ല. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഞാൻ ഇപ്പോൾ ജോലിചെയ്യുകയാണ്. തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. പാർട്ടി പറയുന്നതാണ് ഞങ്ങൾക്ക് എന്നും പ്രാധാന്യം’- അരുൺ വ്യക്തമാക്കി.വി എസ് അച്യുതാനന്ദന്റെ പി എയായിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡി‌എഫ്‌ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മലമ്പുഴയിൽ അരുണിനെ സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്.

മലമ്പുഴയിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി സുരേഷ് നേരിട്ട് ച‌ർച്ച നടത്തിയിരുന്നുവെന്നാണ് വിവരം. കോൺഗ്രസ് സ്ഥാനാർത്ഥിയായല്ല യുഡിഎഫ് സ്വതന്ത്രനായാണ് മത്സരിക്കാൻ സുരേഷ് താൽപര്യം പ്രകടിപ്പിച്ചത്.നിലവിൽ യുഡിഎഫിന് വേരോട്ടം കുറവുള്ള മണ്ഡലമാണ് മലമ്പുഴ. വി എസ് അച്യുതാനന്ദൻ വിജയിച്ച അവസാന തിരഞ്ഞെടുപ്പായ 2016ൽ കോൺഗ്രസിന് ഇവിടെ 35,333 വോട്ടുകളാണ് ലഭിച്ചത്. എ പ്രഭാകരൻ വിജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35,444 വോട്ടും. രണ്ട് തവണയും പാർട്ടി ബിജെപിക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *