‘സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലും’; ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിനെ വിമർശിച്ച് ക്രൈസ്‌തവ സഭകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ടുമണിക്കൂർ കൂടി വർദ്ധിപ്പിച്ചതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ക്രൈസ്‌തവ സഭകൾ. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കികൊല്ലുന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ലെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മനും വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കത്തില്‍ ഈ ബില്‍ കൊണ്ടുവന്നതിന് പിന്നിലെ താല്‍പര്യം വ്യക്തമാണ്. പുതിയ തീരുമാനം സാമൂഹിക ആരോഗ്യത്തിനും പൊതുജനക്ഷേമത്തിനും ഗൗരവമായ ഭീഷണിയുണ്ടാക്കും. ലഹരി ഉപയോഗത്തെ സാധാരണവൽക്കരിക്കാനും ഇത് കാരണമാകും. മദ്യത്തിന്റെ ലഭ്യതയും ബാറുകളുടെ പ്രവര്‍ത്തന സമയവും നീട്ടുന്നത് യുവതലമുറയെ വഴി തെറ്റിക്കാന്‍ കാരണമാകും. പൊതുജനാരോഗ്യവും ലഹരിവിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. എന്നാല്‍ പുതിയ തീരുമാനം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലും.
ടൂറിസത്തിന്റെ പേരില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നത് പഠനങ്ങളോ ആലോചനകളോ ഇല്ലാതെയാണ്. ഈ നിയമം അടിയന്തരമായി റദ്ദ് ചെയ്ത് മദ്യവിമുക്ത സമൂഹ സൃഷ്ടിക്ക് സാഹചര്യമൊരുക്കണം’- ബിജു ഉമ്മൻ പറഞ്ഞു.ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ബാറുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ ഇനിമുതല്‍ രാവിലെ പത്തുമുതല്‍ രാത്രി 12 മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. അതേസമയം, ക്ളബുകളുടെ സമയക്രമത്തിൽ മാറ്റമില്ല.



