‘കോൺഗ്രസുകാർ എഴുന്നേൽക്കുന്നത് പോലും പിആർ ഏജൻസികൾ പറഞ്ഞിട്ട്, ചെന്നിത്തലയ്ക്ക് അബദ്ധം പറ്റിയത് അങ്ങനെയാണ്’

കണ്ണൂർ: കോൺഗ്രസ് നേതാക്കൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് കോടിക്കണക്കിന് രൂപ മുടക്കി നിയമിച്ച പിആർ ഏജൻസികളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏജൻസികൾ നടത്തിയ പഠനത്തിൽ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് കണ്ടെത്തിയതോടെ കോൺഗ്രസ് അന്തംവിട്ട് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്തതിനെ ‘തുഗ്ലക് പരിഷ്കാരം’ എന്ന് ആക്ഷേപിച്ച ചെന്നിത്തലയ്ക്ക് പിന്നീട് അത് പിൻവലിക്കേണ്ടി വന്നത് പിആർ ഏജൻസികളുടെ ഉപദേശം കേട്ടതുകൊണ്ടാണ്. പിആർ വർക്കിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നതിനാൽ ചെന്നിത്തലയെപ്പോലുള്ള നേതാക്കൾക്ക് തെറ്റ് പറ്റുന്നതെന്നും മന്ത്രി കളിയാക്കി. ‘വിഡി സതീശന്റെ മണ്ഡലത്തിലും നേമത്തും കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് നീക്കുപോക്കിന് ശ്രമിക്കുന്നുണ്ട്.
ശബരിമല വിഷയത്തെ പിടിവള്ളിയാക്കാൻ നോക്കിയ കോൺഗ്രസിന് അത് തിരിച്ചടിയാകുമെന്ന് കണ്ടപ്പോൾ മിണ്ടാട്ടമില്ല. എൽഡിഎഫ് ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി 110 സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിൽ വരും. സിപിഎം നിലപാട് എൽഡിഎഫ് സർക്കാരിന്റേത് ആകണമെന്നില്ല. കേന്ദ്രസഹായം കൈപ്പറ്റുന്ന കാര്യത്തിൽ പ്രായോഗിക തീരുമാനങ്ങൾ സർക്കാരിന് എടുക്കേണ്ടി വരും.
എന്നാൽ പാർട്ടിക്ക് അതിൽ നിന്ന് വ്യത്യസ്തമായ നിലപാടുകൾ ഉണ്ടാകും.ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്കായി പ്രകടന പത്രികയ്ക്ക് പുറമെ 20 കോടി രൂപയുടെ പദ്ധതി സർക്കാർ മാറ്റിവച്ചിരുന്നു. ഇവർക്ക് മിനിമം വേതനം ഉറപ്പാക്കാൻ നിയമനിർമ്മാണത്തിന് നീക്കം നടക്കുകയാണെ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുന്നുണ്ട്.കെ.സി. വേണുഗോപാലിന്റെ പ്രചാരണം സിനിമാ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. മണിശങ്കർ അയ്യർ കാര്യങ്ങൾ മനസിലാക്കിയാണ് പിണറായി സർക്കാരിനെ പിന്തുണച്ചത്’. മന്ത്രി പറഞ്ഞു. പ്രേംകുമാർ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് കരുതുന്നില്ലെന്നും അദ്ദഹം പറഞ്ഞു.



