നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികളൊന്നും നല്‍കില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സസി വേണുഗോപാലിന്റെ മുന്നറിയിപ്പ്. സര്‍ക്കാരുണ്ടാക്കുമ്പോള്‍ നിരവധി ബോര്‍ഡ് കോര്പ്പറേഷനുകളുണ്ടല്ലോ അവയുടെ തലപ്പത്തേക്ക് വരാമെന്ന് മത്സരിച്ച് പരാജയപ്പെടുന്നവര്‍ കരുതരുത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്ക്കുന്നവര്ക്കായിരിക്കും ബോര്‍ഡ് – കോര്പ്പറേഷന് തലപ്പത്തേക്ക് പ്രഥമ പരിഗണനയെന്നും കെ.സി പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം ആയിരിക്കണമെന്ന പൊതുവികാരം നേതൃയോഗത്തില്‍ ഉയര്‍ന്നു. കേന്ദ്ര നിരീക്ഷകന് സച്ചിന് പൈലറ്റ് കൂടി പങ്കെടുത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കാനും തീരുമാനമായി. സെമിഫൈനലില്‍ കോണ്‍ഗ്രസ് ജയിച്ചെന്നും ഫൈനലിലും ജയിച്ച് കപ്പടിക്കുമെന്നും യോഗത്തിന് ശേഷം കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
ഇടത് പക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച് മുന്നണിക്കും പാര്‍ട്ടിക്കുമൊപ്പം സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. സിപിഎം നേതൃത്വവുമായി തെറ്റി നില്ക്കുന്ന നടന് പ്രേം കുമാര്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാനാണ് നീക്കം. സിപിഎം – ബിജെപി നേരിട്ട് മത്സരിക്കുന്ന കഴക്കൂട്ടത്ത് നിലവില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്.
ഇവിടെ പ്രേം കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍്ട്ടി വിലയിരുത്തല്‍.അതുപോലെ തന്നെ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എ.സുരേഷ് മലമ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവും. നാളെ പാലക്കാട് വച്ച് വി ഡി സതീശന് നയിക്കുന്ന പുതു യുഗ യാത്രയിലും സുരേഷ് എത്തും. അതേസമയം സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും മലമ്പുഴയില്‍ സിപിഎമ്മിന്റെ ഒരു വോട്ടും കിട്ടില്ലെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.



