ബാധയൊഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പമെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപ്പോയ തന്ത്രി പിടിയിൽ

കൊല്ലം: ബാധയൊഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുശേഷം രക്ഷപ്പെട്ട ജോത്സ്യൻ പിടിയിൽ. വെണ്ടാർ അരീക്കൽ സ്വദേശി വി എസ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബുവാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഭരണിക്കാവിൽ നിന്നാണ് പുത്തൂർ പൊലീസ് ജ്യോത്സ്യനെ പിടികൂടിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ഇയാൾ ഒളിവിൽപ്പോയത്.
പൊലീസ് പറയുന്നതിങ്ങനെ: കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി മുൻപും പെൺകുട്ടിയും അമ്മയും മുരാരിയുടെ വീട്ടിൽ പോയിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയെ ധരിപ്പിച്ചു. മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനൽകാമെന്നും വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് ഇന്നലെ ഇവർ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു.രാവിലെ 11 മണിക്ക് എത്തിയ ഇവർക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാൻ സാധിച്ചത്.
അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മാത്രം ഇയാൾ മുറിയിലേയ്ക്ക് വിളിപ്പിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടിട്ടും മകൾ പുറത്തേയ്ക്ക് വരാതിരുന്നതിനാൽ അമ്മ അകത്തുപോയി നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി വീടിനുമുന്നിൽ തടിച്ചുകൂടി. ബഹളത്തിനിടെ തന്ത്രി വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ റീൽസ് വീഡിയോകളിലൂടെയും മറ്റും സജീവമായ വ്യക്തിയാണ് മുരാരി തന്ത്രി.



