രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ രാത്രി വൈകിയും തുടർന്നു. ഒമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കോട്ടയിലെ തൽവണ്ടിയിലാണ് അപകടമുണ്ടായത്.
മരിച്ചവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണെന്ന് കോട്ട ജില്ലാ ആശുപത്രിയിലെ അധികൃതർ പറഞ്ഞു. ഇയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് തകർച്ചയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. അതേസമയം സ്‌ഫോടന ശബ്‌ദത്തോടെയാണ് കെട്ടിടം തകർന്നതെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലായി ഒരു റസ്‌റ്ററന്റ് പ്രവർത്തിച്ചിരുന്നു. അപകട സമയത്ത് പത്തോളം പേർ ഇവിടെയുണ്ടായിരുന്നതായാണ് വിവരം. മുകൾ നിലകളിലെ ചില മുറികളിൽ വാടകയ്‌ക്കും ആളുകൾ താമസിച്ചിരുന്നു. അതിനാൽ കൂടുതൽ പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.



