സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനുപിന്നാലെ യുവാവ് മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് യുവതി രംഗത്ത്

കോഴിക്കോട്: സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനുപിന്നാലെ യുവാവ് മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (41) മരിച്ചത്. ഇന്നുരാവിലെയാണ് യുവാവിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ബസിൽ തനിക്കെതിരെ ദീപക്ക് ലെെംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതിയുടെ വിശദീകരണം. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.’പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂർ ബസ് സ്റ്റാൻഡിലേക്കുള്ള ബസിലായിരുന്നു ഞാൻ.

എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്. അയാളുടെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോൾ എനിക്ക് മനസിലായി. ഭയങ്കര ഡിസ്‌കംഫർട്ടായിട്ടാണ് നിൽക്കുന്നത്. ഞാൻ അവരോട് ഒന്നും ചോദിച്ചില്ല. ഞാൻ ഫോൺ ക്യാമറ ഓണാക്കി പിടിച്ചു. എന്നാൽ ഞാൻ റെക്കോർഡ് ചെയ്തിരുന്നില്ല. കണ്ട സമയത്ത് കൂളായിട്ട് നിന്നു. പിന്നെ തിരക്കൊഴിഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാൻഡിലെക്കെത്തി. അയാൾ തൊട്ടുരുമ്മി നിൽക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പിന്നെയും വീഡിയോ ഓൺ ചെയ്തു.

ഇറങ്ങുന്ന സമയത്ത് അയാളുടെ പിന്നിൽ ഞാനാണ് ഉണ്ടായിരുന്നത്.എന്റെ ശരീരത്തിലേക്ക് അയാളുടെ കെെ തൊടാൻ ശ്രമിച്ചുകൊണ്ടിരിക്കുതയായിരുന്നു. ഇത് വീഡിയോയിൽ കാണാം. ഞാൻ മാറി നിന്നു. അയാൾ വീണ്ടും അത് ആവർത്തിച്ചു. പിന്നീട് എന്താ ചേട്ടാ കാണിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ വേഗത്തിൽ നടന്നുപോയി. പിന്നീട് വടകര സ്റ്റേഷനിൽ പരിചയമുള്ള ഒരു പൊലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അഡ്രസ് പറയാനാണ് പറഞ്ഞത്. അങ്ങനെ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ആളെ കുറിച്ച് എന്തെങ്കിലും വിവിരം കിട്ടുന്നവർ അറിയിക്കണമെന്നും ഞാൻ വീഡിയോയിൽ കുറിച്ചു. എന്റെ കാര്യത്തിൽ തന്നെ 100ശതമാനം എനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും എന്നെ തൊടാൻ ശ്രമിക്കുകയാണ് ചെയ്തത്. അയാളുടെ മരണവിവരം അറിഞ്ഞതിൽ സങ്കടമുണ്ട്’- യുവതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *