‘അന്വേഷണവുമായി പൂർണമായി സഹകരിച്ചു’; ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ഇനി കസ്റ്റഡി ആവശ്യമില്ലെന്നുമാണ് വാസു കോടതിയെ അറിയിച്ചത്. നേരത്തെ ഹൈക്കോടതിയിൽ നിന്നടക്കം വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വാസു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് തനിക്കറിയാവുന്ന ഉത്തരങ്ങൾ നൽകിയിട്ടുണ്ട്, പ്രായവും ആരോഗ്യാവസ്ഥയും പരിഗണിക്കണമെന്നും വാസു ജാമ്യഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറും പ്രസിഡന്റ് എന്ന നിലയിൽ ബോർഡെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
ജാമ്യഹർജി അടിയന്തരമായി സുപ്രീംകോടതിയുടെ പരിഗണനയിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ വാസുവിന്റെ അഭിഭാഷകർ ആരംഭിച്ചിട്ടുണ്ട്.അതേസമയം, ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിൽ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങൾ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്.
ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങൾ, കന്നിമൂലഗണപതി, നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങൾ എന്നിവയിലും മല്യയുടെ സ്വർണമാണ് പാളികളാക്കി പൊതിഞ്ഞിരുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര, ഇരുവശത്തെയും ഭിത്തികൾ എന്നിവിടങ്ങളിൽ അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും മല്യ പൊതിഞ്ഞിരുന്നു.ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങൾ അടക്കം ശ്രീത്വം തുളുമ്പുന്ന അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വർണവും കടത്തിയെന്ന് സംശയിക്കുന്നു. ശ്രീകോവിലിൽ കൂടുതൽ കൊള്ളനടന്നിട്ടുണ്ടോയെന്ന് എസ്ഐടി പരിശോധിക്കും.



