ഇലക്‌ട്രിക് ബസ് വിവാദത്തിൽ പിന്നോട്ട് മാറാതെ മേയറും മന്ത്രിയും

തിരുവനന്തപുരം: ഇലക്‌ട്രിക് ബസ് വിവാദത്തിൽ പിന്നോട്ടില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷും മന്ത്രി കെബി ഗണേഷ് കുമാറും. തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചതിനുപിന്നാലെയുള്ള ആദ്യ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയാക്കാനാണ് ബിജെപിയുടെ നീക്കം. വിവി രാജേഷാണ് ഇലക്‌ട്രിക് ബസിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കോർപ്പറേഷൻ പരിധിക്ക് പുറത്ത് ബസ് ഓടിക്കുന്നത് കരാർ ലംഘനമാണെന്നാണ് മേയറുടെ വാദം. എന്നാൽ കരാർ ലംഘിച്ചിട്ടില്ലെന്നാണ് ഗണേഷ് കുമാർ മറുപടി നൽകിയത്.

നഗരത്തിലെ വായുമലിനീകരണം കുറയ്‌ക്കാൻ സ്‌മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആ‌ർടിസിക്ക് കോർപ്പറേഷൻ വാങ്ങി നൽകിയ ഇലക്‌ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നാണ് വിവി രാജേഷിന്റെ നിലപാട്. കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ സ്‌മാർട്സിറ്റി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 113 ബസുകളും തിരികെ നൽകാൻ തയ്യാറാണെന്നും പിന്നീട് കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു.

എന്നാൽ ബസുകൾ തിരിച്ചെടുക്കാൻ ഉദ്ദേശ്യമില്ലെന്നും വരുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചചെയ്യുമെന്നുമാണ് മേയ‍ർ പറയുന്നത്.എന്നാൽ,​ നഗരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ഇല‌ക്ട്രിക് ബസുകൾ ഓടിക്കാമെന്ന് കരാറിൽ പറയുന്നുണ്ട്. കോർപ്പറേഷൻ പരിധിയിൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളുവെന്ന നിർബന്ധ വ്യവസ്ഥയില്ല. ലാഭവിഹിതം കോർപ്പറേഷന് നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും അതിനായി ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് കരാർ. ഈ സമിതി നിലവിൽ രൂപീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *