ശംഖുമുഖത്ത് പുതുവത്സരാഘോഷത്തിനിടയിലുണ്ടായ പൊലീസ് മർദനം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി എസ്എഫ്‌ഐ

തിരുവനന്തപുരം: ശംഖുമുഖത്ത് പുതുവത്സരാഘോഷത്തിനിടയിലുണ്ടായ പൊലീസ് മർദനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി എസ്എഫ്‌ഐ. പൊലീസ് അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എസിപിയുടെയടക്കം ഒത്താശയോടെ നടത്തിയിരിക്കുന്ന ആക്രമണമെന്നാണ് ആരോപണം. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് എസ്എഫ്‌ഐ ആക്ഷേപം ഉന്നയിക്കുന്നത്. ഇയാൾ നേരത്തെയും കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നുണ്ട്.

അതേസമയം, പരാതിയിൽ കൃത്യമായി അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു. തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മീഷണർക്ക് പരാതി അന്വേഷിക്കാൻ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ 12 മണിവരെയാണ് ആഘോഷങ്ങൾക്ക് അനുമതി നൽകിയതെന്നും 12.30 മണിയായിട്ടും ആഘോഷങ്ങൾ അവസാനിപ്പിക്കാതെ വന്നതോടെയാണ് ഇടപെട്ടതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. എസ്എഫ്‌ഐക്കാരിൽ നിന്നാണ് പ്രകോപനം ഉണ്ടായതെന്നും പൊലീസിനുനേരെ അസഭ്യം പറഞ്ഞെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതിന്റെ ദൃശ്യങ്ങൾ പൊലീസും പുറത്തുവിട്ടിട്ടുണ്ട്.പരിപാടിയിൽ വോളന്റിയർമാരായെത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ മുൻ വൈരാഗ്യത്തിൽ പൊലീസ് ഒരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം എ നന്ദൻ പറഞ്ഞു. എസിപി ഉൾപ്പെടെ സ്ഥലത്തുള്ളപ്പോഴാണ് പൊലീസ് ആക്രമിച്ചത്. കുട്ടികളുടെ തലയിലും മുതുകിലും ഗുരുതരമായി പരിക്കേറ്റു. ആരും മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായും നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *