ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറാൻ സിപിഎമ്മിന്റെ 50ലക്ഷം, പ്രാഥമിക അന്വേഷണം തുടങ്ങി വിജിലൻസ്

തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തളി ഡിവിഷൻ അംഗം എന്ന നിലയിൽ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ജാഫർ മാസ്റ്ററുടെ (ഇ യു ജാഫർ ) വെളിപ്പെടുത്തലിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് അന്വേഷണം. അതേസമയം,ജാഫർ വീട്ടിൽ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രാജിവച്ചശേഷം വീട്ടിൽനിന്ന് പോയതാണെന്നും എവിടെയാണെന്ന് അറിയില്ലെന്നും അവർ പറയുന്നു.
50 ലക്ഷം രൂപ സിപിഎം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ജാഫർ മാസ്റ്ററുടെ ശബ്ദ രേഖ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് വള്ളത്തോൾ നഗർ ബ്ലോക്ക് പ്രസിഡന്റുമായ പി ഐ ഷാനവാസാണ് ഫേസ്ബുക്ക് പേജിലൂടെ ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖ തെളിവ് സഹിതം കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കര ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി. ഇതേത്തുടർന്നാണ് നടപടി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേന്നായിരുന്നു സംസാരം. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റുകൾ വീതമായിരുന്നു യുഡിഎഫും എൽഡിഎഫും നേടിയത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ജാഫർ യുഡിഎഫിനൊപ്പമായിരുന്നെങ്കിലും വോട്ടിംഗ് സമയം കൂറുമാറി എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു.
എൽഡിഎഫിനും യുഡിഎഫിനും ഏഴുവീതം അംഗങ്ങൾ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ജാഫർ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നേടി. തൊട്ടടുത്തദിവസം ജാഫർ അംഗത്വം രാജിവച്ചുള്ള കത്തും നൽകി.



