പുതുവർഷത്തിൽ യാത്രക്കാർക്ക് പുത്തൻ സമ്മാനവുമായി കെഎസ്‌ആർടിസി

മൂന്നാർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നായ മൂന്നാറിന് പുതുവർഷ സമ്മാനവുമായി കെഎസ്‌ആർടിസി. വിനോദസഞ്ചാരികൾക്കായുള്ള കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചു.

രാവിലെ എട്ടുമണിക്ക് കെഎസ്‌ആർടിസി എംഡി പി എസ് പ്രമോജ് ശങ്കർ ആണ് ഉദ്‌ഘാടനം നിർവഹിച്ചത്. കെഎസ്‌ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിലാണ് മൂന്നാറിലേക്കുള്ള ബസ് നിർമിച്ചത്. ഈ ബസ് ഇന്നലെ തന്നെ മൂന്നാറിലെത്തിച്ചു. നിലവിൽ സർവീസ് നടത്തുന്നതിന് സമാനമായ ബസാണ് പുതിയതും.

ദിവസേന മൂന്ന് സർവീസുകളാണ് പുതിയ ബസ് നടത്തുന്നത്. രാവിലെ 8.00, 11.30, വൈകിട്ട് 3.00 എന്നിങ്ങനെയാണ് സമയക്രമം. മൂന്നാർ ഡിപ്പോയിൽ നിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി, ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരികെ ഡിപ്പോയിലെത്തും.

രണ്ട് ബസുകളും ഇതേ റൂട്ടിൽ തന്നെയാണ് സർവീസ് നടത്തുന്നത്. താഴത്തെ നിലയിൽ 11ഉം മുകളിൽ 39 സീറ്റുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. പുറത്തെ കാഴ്‌ചകൾ പൂർണമായും കാണാവുന്ന രീതിയിൽ മൂന്നാറിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബസുകളാണിവ. ഇതിന്റെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ കെഎസ്‌ആർടിസിയുടെ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. മന്ത്രി കെ ബി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്‌ത പദ്ധതി വൻ വിജയമായി മാറിയിരുന്നു. ഒമ്പത് മാസത്തിനകം ഒരു കോടിയിലധികം രൂപ വരുമാനം നേടാനായി. രാവിലെ 9.00, ഉച്ചയ്‌ക്ക് 12.30, വൈകിട്ട് 4.00 എന്നീ സമയങ്ങളിലാണ് നിലവിലെ ബസ് സർവീസ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *