തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യനീതി നടപ്പിലാക്കിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 30 കൊല്ലമായി എസ്എൻഡിപിയുടെ കണക്കുകളും കേസുകളും നോക്കുന്നത് മുസ്ലീമുകളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുസ്ലീം ലീഗ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യനീതി നടപ്പിലാക്കിയോ. മുസ്ലീം ലീഗ് ആത്മപരിശോധന നടത്താൻ ഞാൻ വെല്ലുവിളിക്കുകയാണ്. ഞാൻ പറയുന്ന കുറവുകൾ മനസിലാക്കാൻ ശ്രമിക്കാതെ എന്നെ മതവിദ്വേഷിയാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്റെ കൂടെയുള്ള പലരും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്. കഴിഞ്ഞ 30 കൊല്ലമായി എസ്എൻഡിപിയുടെ കണക്കുകൾ നോക്കുന്നത് റഹീം അസോസിയേറ്റഡ്സാണ്.
ഞങ്ങളുടെ കേസുകൾ മുഴുവനും നടത്തുന്നത് ഒരു മുസ്ലീം വക്കിലാണ്.മതവിദ്വേഷം പരത്താനുള്ള ഒരു കുത്സിത ശ്രമമാണ് നടക്കുന്നത്. മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാനാണ് ശ്രമിക്കുന്നത്. വർഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് അവർ ചെയ്യുന്നത്. ദുഷ്ലാക്കോടെയാണ് ലീഗ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ ഞാൻ കയറിയതിന് സിപിഐ വിമർശിച്ചു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്.
താൻ പറയുന്നത് പ്രശ്നാധിഷ്ഠിത അഭിപ്രായങ്ങളാണ്. ത്രിതലപഞ്ചായത്തുകളിൽ സിപിഐയ്ക്ക് കിട്ടിയ സീറ്റുകൾ എത്രയെന്ന് പരിശോധിച്ചാൽ മാത്രം മതി. അതിന്റെ കാരണം എന്താണെന്ന് സ്വയം പഠിക്കട്ടെ. അതുമനസിലാക്കാതെ എന്തിനാണ് എന്നെ തള്ളുന്നത്.സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണം. ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ. നിലവിലെ അന്വേഷണത്തിൽ ഞാൻ പൂർണ തൃപ്തനാണ്.
അറസ്റ്റിലായ പത്മകുമാർ നല്ലവനല്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്.എനിക്ക് 89 വയസുണ്ട്. മാദ്ധ്യമരംഗത്ത് ഞാനൊരു മുത്തശ്ശനാണെന്ന് പറയണം. കാരണം മാദ്ധ്യമരംഗത്ത് ഞാൻ ഒരുപാട് വർഷങ്ങൾ കൊണ്ട് പ്രവർത്തിക്കുന്നയാളാണ്. ശിവഗിരിയിൽ വച്ച് എന്നോട് മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ വന്നു. ഇവിടെവച്ച് വേണമോയെന്ന് ഞാൻ ചോദിച്ചു. അതിനുശേഷം ചെറിയ ചോദ്യങ്ങൾ മാത്രമാണ് ചിലർ ചോദിച്ചത്.
ആ സമയത്ത് ഒരു വാർത്താചാനലിലെ വ്യക്തി എന്നോട് മലപ്പുറത്തെ കാര്യങ്ങൾ ഇടിച്ചുകയറി ചോദിച്ചു. ആ വാർത്ത ചാനൽ തന്നെ വർഷങ്ങളായി വേട്ടയാടുകയാണ്. തന്റെ ചോര കൊതിക്കുന്നവരാണ് അവർ. റേറ്റിംഗിൽ ഒന്നാമതെത്താൻ പല വാർത്താ ചാനലുകളെയും അവർ ആക്ഷേപിക്കുകയാണ്. ഞാൻ പറയുന്ന പലകാര്യങ്ങളും വളച്ചൊടിച്ച് മതവിദ്വേഷമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.



