സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസയുടെ സഹോദരൻ അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ സിക്കന്ദർ റാസയുടെ ഇളയ സഹോദരൻ മുഹമ്മദ് മെഹ്ദി (13) മരിച്ചു. ഹീമോഫീലിയ ബാധിതനായിരുന്ന താരത്തിന്റെ സഹോദരന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഡിസംബർ 29ന് ഹരാരെയിൽ വച്ചാണ് മരണപ്പെട്ടത്. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡാണ് റാസയുടെ സഹോദരന്റെ വിയോഗ വാർത്ത അറിയിച്ചത്.

ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിലൂടെ അനുശോചനം രേഖപ്പെടുത്തി. ഹൃദയം തകർന്ന ഇമോജി പങ്കുവച്ചുകൊണ്ടായിരുന്നു ബോർഡിന്റെ അനുശോചനത്തിന് റാസ പ്രതികരിച്ചത്.

വ്യക്തിജീവിതത്തിലെ ആഘാതം നേരിടുമ്പോഴും കരിയറിലെ നല്ല കാലത്തിലൂടെയാണ് റാസ മുന്നോട്ടുപോകുന്നത്. 2025ൽ യുഎഇയിൽ നടന്ന ഐഎൽ ട്വന്റി-20 ടൂർണമെന്റിൽ ഷാർജ വാരിയേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. പത്ത് മത്സരങ്ങളിൽ നിന്ന് 171 റൺസും പത്ത് വിക്കറ്റുകളും റാസ നേടിയിരുന്നു. ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ സിംബാബ്‌വെയെ നയിക്കുക റാസയാണ്. ടീമിന്റെ നെടുംതൂണായ താരത്തിന് നിലവിലുണ്ടായ തീരാനഷ്ടം വലിയ ആഘാതമാണ് നൽകിയതെങ്കിലും ലോകകപ്പിൽ കരുത്തോടെ തിരിച്ചുവരാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആശംസിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *