ചട്ടങ്ങൾ ലംഘിച്ച് ഫ്ലാറ്റ് നിർമാണം, അയൽവാസിയുടെ കാറിനു കേടു പാടുകൾ സംഭവിച്ചതായി പരാതി

തിരുവനന്തപുരം നഗര ഹൃദയത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബഹുനില ഫ്‌ളാറ്റ് നിർമാണം. നിർമാണത്തിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതിരുന്നതോടെ സമീപത്തെ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടങ്ങളും നാശനഷ്ടങ്ങളും പതിവ് സംഭവമായിരിക്കുകയാണ്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അരോമ ബിൽഡേഴ്‌സ് നന്തൻകോട് പണികഴിപ്പിക്കുന്ന ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ചട്ടവും സുരക്ഷയും ലംഘിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾക്കും കോർപറേഷൻ ഓഫീസ് മുതൽ തിരുവനന്തപുരം നഗരാസൂത്രണ വികസന അതോറിറ്റി ഓഫീസുകളുടെ വിളിപ്പാടകലെയുമാണ് ഇത്തരത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തി ഫ്‌ളാറ്റ് നിർമാണവും പെയിന്റിംഗ് പണികളും പുരോഗമിക്കുന്നത്. പെയിന്റിംഗ് തൊഴിലാളികൾ ആവശ്യത്തിന് സുരക്ഷാ നടപടികൾ പാലിക്കാതെ വെറുമൊരു കയറിൽ തൂങ്ങിയാണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഫ്‌ളാറ്റ് സമുച്ചയത്തിലെ അശ്രദ്ധമായ നിർമാണ പ്രവൃത്തി കാരണം അയൽവാസിയുടെ ലക്ഷ്വറി കാറിന് കേടുപാടുകൾ സംഭവിച്ചു. നന്തൻകോട് കോർഡിയൽ ഭാരതി അപ്പാർട്ട്‌മെന്റിലെ താമസക്കാരന്റെ വോൾവോ കാറിനാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ഫ്‌ലാറ്റ് നിർമ്മാതാക്കളായ അരോമ ഡെവലപ്പേഴ്‌സിന് എതിരെ 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ വക്കീൽ നോട്ടീസ് അയച്ചു. സമീപത്തെ വീടുകളിലേക്കും താമസക്കാരിലേക്കും വാഹനങ്ങളിലേക്കും നിർമാണ അവശിഷ്ടങ്ങൾ പതിക്കുകയാണ്. ടൗൺ പ്ലാൻ നിയമങ്ങൾ പാലിച്ചാണോ ഈ കെട്ടിടത്തിന് നിർമാണ അനുമതി നൽകിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്.
അരോമ ഡെവലപ്പേഴ്‌സിന്റെ ‘ബൈ ദ ക്ലിഫ്’ എന്ന പ്രോജക്റ്റിൽ കഴിഞ്ഞ ഡിസംബർ 10-ന് നടന്ന പെയിന്റിംഗ് ജോലികൾക്കിടയിലാണ് സംഭവം. കോർഡിയൽ ഭാരതി അപ്പാർട്ട്‌മെന്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പെയിന്റ് അടിച്ചു വീഴുകയായിരുന്നു. കാറിന്റെ ബോഡിയിലും ഗ്ലാസിലും പെയിന്റ് പറ്റിപ്പിടിച്ച് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട യാതൊരു മുൻകരുതലുകളും ബിൽഡർ സ്വീകരിച്ചിരുന്നില്ല. അയൽപക്കത്തെ വാഹനങ്ങൾ മാറ്റിയിടുകയോ താൽക്കാലിക സുരക്ഷാ മറകൾ സ്ഥാപിക്കുകയോ ചെയ്തില്ല. ഇതേക്കുറിച്ച് പണി നടക്കുന്ന ഇടത്തെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മതിയായ പ്രതികരണം ഉണ്ടായില്ല എന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് താമസക്കാരുടെ വാഹനങ്ങൾക്കും സമാനമായ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അഡ്വ. ലാൽ എസ്. മുഖേന അയച്ച നോട്ടീസിൽ, 15 ദിവസത്തിനകം നഷ്ടപരിഹാര തുകയായ 25,000 രൂപ നൽകണമെന്നും രേഖാമൂലം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയാൽ സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.



