ഇ – ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയർ വിവി രാജേഷിന് മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഇ – ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ ആണെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ ഇ – ബസുകൾ നഗരത്തിന് പുറത്തും ഓടുന്നുണ്ടെന്നായിരുന്നു മേയറുടെ ആരോപണം. ഇ – ബസുകൾ ഉടൻ തിരിച്ചെത്തിക്കുമെന്നും രാഷ്ട്രീയ സമ്മർദം കാരണമാണ് മറ്റ് സ്ഥലങ്ങളിൽ ബസ് ഓടിക്കുന്നതെന്നും മേയർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.

സമാർട് സിറ്റി പദ്ധതിയിലുള്ള ബസ് 113 ആണ്. ഈ ബസുകൾ തിരുവനന്തപുരം കോർപ്പറേഷന്റേതാണെന്ന് പറയാൻ പറ്റില്ല. പദ്ധതി കേന്ദ്രത്തിന്റെയും അല്ല. കാരണം സ്മാർട് സിറ്റി പദ്ധതിയുടെ കേന്ദ്ര വിഹിതം 500 കോടിയാണ്. സംസ്ഥാനത്തിന്റെ വിഹിതവും 500 കോടി രൂപയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ വകയായി 135. 7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷന്റെ വിഹിതവും സംസ്ഥാന വിഹിതവും സംസ്ഥാന ഖജനാവിൽ നിന്നാണ് പോകുന്നത്.

അപ്പോൾ ആ പദ്ധതിയിലെ ഏകദേശം 60ശതമാനം പണവും സംസ്ഥാന സർക്കാരിന്റേതാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയതാണ് ഈ 113 ഇ – ബസുകൾ.113 ബസുകൾ അല്ലാതെ 50 എണ്ണം കെഎസ്ആർടിസി വാങ്ങിയിട്ടുണ്ട്. അതിൽ കോർപ്പറേഷന് ഇടപെടാൻ കഴിയില്ല. ഗവൺമെന്റ്, സ്മാർട്ട് സിറ്റി, കോർപ്പറേഷൻ, സ്വിഫ്റ്റ് ഇവർ തമ്മിലാണ് കരാർ ഉള്ളത്. ഈ വണ്ടികളുടെ അറ്റകുറ്റപണി എല്ലാം നോക്കുന്നത് കെഎസ്ആർടിസിയാണ്. ഇതിന്റെ ഡ്രെെവർ, കണ്ടക്ടർ, എല്ലാം കെഎസ്ആർടിസിയിൽ നിന്നാണ്.തിരുവനന്തപുരത്തിന് പുറത്ത് ഈ ബസുകൾ ഓടുന്നില്ല.

വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിന്റനൻസ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിൽ നിലയിൽ ഓടിക്കുന്നില്ല. ബാറ്രറി നശിച്ചാൽ മാറ്റിവയ്ക്കാൻ 28 ലക്ഷം രൂപ വേണം. തിരുവനന്തപുരം മേയർ 113 ബസുകളും വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കും. ഒരു കത്ത് കൊടുത്താൽ മാത്രം മതി. പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. കോർപ്പറേഷന് വണ്ടികൾ കൊടുത്താൽ പിന്നെ അത് കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ ഇതുവരെ എന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്’- ഗണേഷ് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *