വീടിനുപുറത്തെ തൂണുകളിൽ ചുവന്ന അടയാളം; സിസിടിവി ദൃശ്യങ്ങളിൽ മുഖംമൂടി സംഘം

തിരുവനന്തപുരം: പുലർച്ചെ വീടിനുപുറത്തുള്ള തൂണുകളിൽ കണ്ട ചുവന്ന അടയാളത്തിൽ പരിഭ്രാന്തരായി നാട്ടുകാർ. നേമത്തെ ഇടറോഡുകളിലാണ് ചുവന്ന നിറത്തിലുള്ള അടയാളം കണ്ടത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘമാണ് തൂണുകളിൽ ചുവന്ന അടയാളം പതിപ്പിച്ചതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. ഇതോടെ ഭീതിയിലായ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് സംഘം സ്ഥലത്തെത്തി അടയാളം പരിശോധിച്ചു. മോഷ‌്ടാക്കൾ കവർച്ചയ്‌ക്കായി സ്ഥലം രേഖപ്പെടുത്തിയതാണോ എന്ന് സംശയിച്ച പൊലീസ് പ്രദേശവാസികളോട് ജാഗ്രത പുലർത്താൻ നിർദേശിച്ചു. നാട്ടുകാർ ആശങ്കയിലായതോടെ ചുവന്ന അടയാളമിട്ട രണ്ടുപേർ നേമം പൊലീസിന് മുന്നിൽ ഹാജരായി.സ്വകാര്യ ഇന്റർനെറ്റ് കമ്പനിയുടെ ഫൈബർ നെറ്റ്‌വർക്ക് ചെയ്യുന്നവരാണെന്നും പുതിയ കണക്ഷൻ നൽകുന്നതിനായി വീടുകൾ അടയാളപ്പെടുത്തിയതാണെന്നുമാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയ‌ത്.

സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയതെന്നും അതിനാലാണ് മുഖം മൂടിയതെന്നും ഇവർ വിശദീകരിച്ചു. പൊലീസ് ഇക്കാര്യം ഉടൻ തന്നെ നാട്ടുകാരെ അറിയിച്ചു. ഇതോടെയാണ് നാട്ടുകാരുടെ ആശങ്കയ്‌ക്ക് അവസാനമായത്. വീടിന് പുറത്ത് സ്റ്റിക്കറുകൾ ഒട്ടിച്ച് സ്ഥലം അടയാളപ്പെടുത്തി മോഷണം നടത്തുന്നതായുള്ള വാർത്തകൾ നേരത്തെയും പ്രചരിക്കപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങളും ജനങ്ങളുടെ ആശങ്കയ്‌ക്ക് കാരണമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *