നടിയെ ആക്രമിച്ച കേസിലെ വിവാദം: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പരിപാടിയിൽ നിന്ന് ദിലീപിനെ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ തുടർന്നുള്ള വിവാദങ്ങൾക്കിടെ ക്ഷേത്ര പരിപാടിയിൽ നിന്ന് പിന്മാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉദ്ഘാടന പരിപാടിയിൽ ഉത്സവ കൂപ്പൺ വിതരണം ഉദ്ഘാടനത്തിൽ നിന്നാണ് നടൻ പിന്മാറിയത്. കാരണം വ്യക്തമല്ല. നാളെയാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്.

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയിൽ ദിലീപിനെ ക്ഷണിച്ചതിനെച്ചൊല്ലി വലിയ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. തുടർന്ന് ചടങ്ങ് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചിരുന്നു. ജനുവരി 23ന് തുടങ്ങുന്ന ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനവും നോട്ടീസ് പ്രകാശനവുമാണ് നാളെ വൈകിട്ട് ക്ഷേത്രാങ്കണത്തിൽ നടക്കാനിരുന്നത്. ഈ ചടങ്ങിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിൽ നിന്ന് ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. നടൻ അനൂപ് മേനോനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവന്നതോടെ സമിതിയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. കൊച്ചിൻ ദേവസ്വം ബോർഡിലും ഭിന്നതയുമുണ്ടായി. സി.പി.എം, സി.പി.ഐ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് ചടങ്ങ് 17ലേക്ക് മാറ്റിയത്. കൂപ്പൺ ഏറ്റുവാങ്ങുന്നതും നോട്ടീസ് പ്രകാശനവും തന്ത്രി നിർവഹിച്ചാൽ മതിയെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകൾക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *