‘ഇനി തിരഞ്ഞെടുപ്പ് വന്നാലും സുരേഷ് ഗോപി വിജയിക്കും, അദ്ദേഹത്തിന് വല്ലാത്തൊരു സൗന്ദര്യമാണ്’

സൂപ്പർസ്റ്റാറുകളെ അണിനിരത്തി മലയാളത്തിൽ വൻവിജയമായി മാറിയ സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലഹേം. 1998ൽ തീയേറ്ററുകളിലെത്തിയ ചിത്രം ‌ഡിസംബർ 12ന് റീറിലീസ് ചെയ്തിരിക്കുകയാണ്. തീയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളാണ് സമ്മർ ഇൻ ബത്‌ലഹേമിന് വീണ്ടും ലഭിക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ സിബി മലയിൽ ചിത്രത്തിലേക്ക് സുരേഷ് ഗോപിയെയും ജയറാമിനെയും കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

സമ്മർ ഇൻ ബത്‌ലഹേം ആദ്യം തമിഴിൽ ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. അന്ന് ഡെന്നീസ് എന്ന കഥാപാത്രം ചെയ്യാനായി പ്രഭുവിനെയാണ് നിശ്ചയിച്ചത്. പിന്നീട് ആ പ്രോജക്ട് നടന്നില്ല. ആ സിനിമ മലയാളത്തിലേക്ക് വന്നപ്പോൾ ഡെന്നീസാകാനുള്ള ആദ്യ ഓപ്ഷൻ സുരേഷ്‌ഗോപിയായിരുന്നു. ഒ​റ്റദിവസം കൊണ്ടാണ് സുരേഷിനെ തീരുമാനിച്ചത്. ആ സമയത്ത് സുരേഷ്‌ഗോപി ഫ്രീയായിരുന്നു.

അതിനുമുൻപ് വരെ സുരേഷ് പൊലീസ് കഥാപാത്രങ്ങളായിരുന്നു കൂടുതൽ ചെയ്തിരുന്നത്.ഒരു മാ​റ്റത്തിനുവേണ്ടിയാണ് അദ്ദേഹം ഡെന്നീസ് ചെയ്യാമെന്ന് പറഞ്ഞത്. റീറിലീസിന് മുൻപ് ഞാൻ സിനിമ ഒരുപാട് തവണ കണ്ടു. സുരേഷിന് എന്തൊരു ഭംഗിയാണെന്ന് ഇപ്പോൾ കാണുന്നവരെല്ലാം പറയും. ഇനിയും തിരഞ്ഞെടുപ്പിന് നിന്നാൽ സുരേഷ് ജയിക്കുമെന്നും ഒരാൾ പറഞ്ഞു.

വല്ലാത്തൊരു സൗന്ദര്യമായിരുന്നു അന്ന്. ഇപ്പോൾ സുരേഷ് ഗോപിക്ക് സീരിയസ് ലുക്കാണ്. ജയറാമിനെ കാസ്റ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന് നല്ല തിരക്കുണ്ടായിരുന്നു. അന്ന് ജയറാം തമിഴ് സിനിമകളിൽ സജീവമായിരുന്നു’- സിബി മലയിൽ പറഞ്ഞു.സമ്മർ ഇൻ ബത്‌‌ലഹേമിൽ ഡെന്നീസെന്ന കഥാപാത്രം ചെയ്തതിനെക്കുറിച്ച് സുരേഷ് ഗോപിയും ഒരു അഭിമുഖത്തിൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ‘സിനിമയിൽ അഭിനയിക്കാനായി നിർമാതാവ് സിയാദ്ക്കയാണ് എന്നെ വിളിച്ചത്. ആ സമയത്ത് ഞാൻ തയ്യാറായിരുന്നില്ല.

സിനിമയുടെ കഥ കേൾക്കണമെന്ന് സിബിയാണ് എന്നോട് പറഞ്ഞത്. കഥ കേട്ടതോടെ ഞാൻ ഓകെ പറയുകയായിരുന്നു. സിനിമയിൽ നിരഞ്ജൻ എന്ന കഥാപാത്രം ആര് ചെയ്യുമെന്ന് സിബി എന്നോട് ചോദിച്ചു. ആ കഥാപാത്രത്തെ ചെയ്യാൻ മോഹൻലാലിന് അല്ലാതെ മ​റ്റാർക്കും കഴിയില്ലെന്ന് ഞാനാണ് പറഞ്ഞത്. മോഹൻലാൽ വന്നാൽ ചിത്രം സൂപ്പർഹി​റ്റാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു’- സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *