ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം; ജയിലിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വർ. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. ജില്ലാ ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ കഴിയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഇന്നലെയാണ് രാഹുൽ ഈശ്വറിനെ കോടതി റിമാൻഡ് ചെയ്തത്.

ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിന്റെ ഉത്തരവ്. വീഡിയോകൾ പരിശോധിച്ച ശേഷമായിരുന്നു ഉത്തരവ്. പരാതിക്കാരിക്കെതിരെ ലൈംഗികച്ചുവയുളള പരാമർശങ്ങൾ നിരന്തരം സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയെന്നും പരാതിക്കാരിയെ ഭയചകിതയാക്കിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്‌ടോപ്പിലുണ്ടെന്നും സ്ഥിരമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നയാളാണെന്നും പൊലീസ് അറിയിച്ചു.

ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ,​ ജാമ്യം ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ശേഷം ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർത്തതായി പ്രതിഭാഗം വാദിച്ചു. അതേസമയം, സെെബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് കുടുക്കിയതെന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ രാഹുൽ ഈശ്വർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *