തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇനി പുതിയ മുഖം, പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു. മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാർ പ്രസിഡന്റായും മുൻ വനം മന്ത്രി കെ രാജു ബോർഡ് അംഗമായും ചുമതലയേറ്റു. ഇന്ന് 11.30ന് ദേവസ്വം ബോർഡ് അസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ നടന്നത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്റെ കാലാവധി. ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, വി എൻ വാസവൻ, ജി ആർ അനിൽ എന്നിവരും പങ്കെടുത്തു.
ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കിയതും ശ്രദ്ധേയമായി. ഈ സാഹചര്യത്തിലാണ് പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്. രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള ഒരാളെ പ്രസിഡന്റാക്കാനാണ് സർക്കാർ തീരുമാനിച്ചത്.
കെ ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വൈസ് ചാൻസിലറായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും കെ ജയകുമാർ ശ്രദ്ധേയനാണ്. കെ രാജു മുൻപ് വനം, വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്നു.



