പൊറോട്ടയും ബീഫും പരാമര്‍ശം; എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ ബിന്ദു അമ്മിണി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ പരാതിയുമായി ബിന്ദു അമ്മിണി. കൊയിലാണ്ടി പോലീസിലാണ് ബിന്ദു അമ്മിണി പരാതി നൽകിയത്. പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കി എന്നും അതേ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആൾക്കാരുമാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത് എന്നുമായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരം ആണെന്നും തൻറെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണെന്നും ബിന്ദു അമ്മിണി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പോലീസ് ക്ലബ്ബിലോ പോയിട്ടില്ലെന്നും തൻറെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് നൽകിയത് ഒരു മുസ്ലിം വനിതയുടെ നാമം തന്റെ പേരിനൊപ്പം ചേർക്കണം എന്ന ദുരുദ്ദേശത്തോട് കൂടിയാണെന്നും ഇതിനുശേഷം താൻ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും സോഷ്യൽ മീഡിയ അറ്റാക്കും നേരിടുന്നു എന്നും ബിന്ദു അമ്മിണിയുടെ പരാതിയിൽ പറയുന്നു.
മതസൗഹാർദ്ദം തകർക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിൻറെ പരാമർശം, ഷെഡ്യൂൾഡ് കാസ്റ്റിൽ പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശവും അദ്ദേഹത്തിൻറെ വാക്കുകൾക്കുണ്ട്. എൻ കെ പ്രേമചന്ദ്രൻ നിയമബിരുദധാരിയാണെന്നും തൻറെ വാക്കുകളുടെ പരിണിതഫലം അറിയാതെ അല്ല അദ്ദേഹത്തിൻറെ പരാമർശം എന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഒരു പാർലമെൻറ് അംഗത്തിൽ നിന്നുണ്ടായ പരാമർശത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.



