രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും വിരമിക്കുന്നു? ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിക്കാന്‍ പോകുന്നത് വമ്പന്‍ മാറ്റം

മുംബയ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു ആരാധകര്‍ക്ക്. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിത്തന്ന ക്യാപ്റ്റന് മറ്റൊരു മത്സരത്തില്‍ കൂടി ഇന്ത്യയെ നയിക്കാനുള്ള അവസരം പോലും ബിസിസിഐ നല്‍കാത്തതില്‍ കടുത്ത രോഷത്തിലാണ് ആരാധകര്‍. നാല് വര്‍ഷം ഇന്ത്യയെ നയിച്ച രോഹിത് എട്ട് മാസത്തെ ഇടവേളയില്‍ രണ്ട് ഐസിസി കിരീടങ്ങളാണ് നാട്ടിലെത്തിച്ചത്.
2023ലെ ഏകദിന ലോകകപ്പ്, 2024ലെ ട്വന്റി 20 ലോകകപ്പ്, 2025ലെ ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത് ഒരേയൊരു മത്സരത്തില്‍ മാത്രം. 2023 നവംബര്‍ 19ലെ ആ തോല്‍വി കൂടി ഇല്ലായിരുന്നുവെങ്കില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങള്‍ കൊയ്ത ക്യാപ്റ്റനെന്ന പേര് രോഹിത്തിന് മാത്രം അവകാശപ്പെട്ടതാകുമായിരുന്നു. ഏകദിന ലോകകപ്പില്‍ ഫൈനലില്‍ തോറ്റുവെങ്കിലും ഇന്ത്യന്‍ ടീമിന്റെ തലവര രോഹിത് ശര്‍മ്മയെന്ന ടോപ് ക്ലാസ് ബാറ്റര്‍ കൂടിയായ നായകന്‍ തിരുത്തിയെഴുതിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍മാരുടെ പട്ടികയില്‍ ധോണിക്ക് ശേഷമോ അ്‌ലലെങ്കില്‍ അദ്ദേഹത്തിനൊപ്പമോ മികവുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ക്യാപ്റ്റന്‍കൂടിയാണ് രോഹിത് ശര്‍മ്മ.രോഹിത് ശര്‍മ്മയുടെ പേരിനൊപ്പം തന്നെ എടുത്ത് പറയേണ്ട മറ്റൊരു പേരാണ് സാക്ഷാല്‍ വിരാട് കൊഹ്‌ലിയുടേതും. ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങളിലെല്ലാം തന്നെ ഈ രണ്ട് പേരുകളെ ഒഴിവാക്കിയുള്ള ഒരു തിരക്കഥയും പൂര്‍ണമാകില്ല.
കൊഹ്‌ലിയുടെയോ രോഹിത്തിന്റേയോ നേട്ടങ്ങളേയും ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളേയും അത്ര എളുപ്പത്തില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, സേവാഗ് എന്നിവരുടെ സുവര്‍ണ തലമുറയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമലിലേറ്റിയത് ഇരുവരും ചേര്‍ന്നായിരുന്നു.
എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓസീസ് പര്യടനം ഇരുവരുടേയും ഇന്ത്യന്‍ ജേഴ്‌സിയിലുള്ള അവസാന ടൂര്‍ ആകുമെന്നാണ് സൂചിപ്പിക്കുന്നത്. ഭാവി പദ്ധതികളില്‍ രണ്ട് സീനിയര്‍ താരങ്ങളും ഉള്‍പ്പെടുന്നില്ലെന്നാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2027ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കണമെന്ന് ഇരുവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന.2027ല്‍ രോഹിത്തിന് 40 വയസ്സും വിരാട് കൊഹ്‌ലിക്ക് 38 വയസ്സുമായിരിക്കും പ്രായം.
അതുവരെ ഇരുവരേയും ടീമില്‍ തുടരാന്‍ അനുവദിക്കുന്നത് ഭാവി താരങ്ങളുടെ വഴിയടയ്ക്കുമെന്നാണ് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ ഇരുവരും ഓസീസ് പര്യടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിനോട് എന്നെന്നേക്കുമായി വിടപറയുമെന്ന സൂചനകള്‍ ശക്തമാണ്. വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



