വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 140 റൺസിനും തകർപ്പൻ വിജയം നേടി ഇന്ത്യ

അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 140 റൺസിനും തകർപ്പൻ വിജയം നേടി ഇന്ത്യ. മത്സരത്തിന്റെ മൂന്നാം ദിവസം 45.1 ഓവറിൽ 146 റൺസിനാണ് വിൻഡീസിനെ ഇന്ത്യ ആൾഔട്ടാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ അവസാന വിക്കറ്റും വീഴ്ത്തി കുൽദീപ് യാദവാണ് ടീമിന് വിജയം ഉറപ്പാക്കിയത്.

കുൽദീപിന്റെ പന്തിൽ ജെയ്ഡൻ സീൽസ് പുറത്തായതോടെയാണ് മത്സരം അവസാനിച്ചത്. പിച്ചിലെ റഫിൽ കുത്തിത്തിരിഞ്ഞ ഒരു ഫുൾ ലെംങ്‌ത്ത് പന്താണ് സീൽസിന്റെ പുറത്താകലിന് വഴിയൊരുക്കിയത്. സ്പിന്നർമാരെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച സീൽസ് ലോംങ് ഓൺ ഷോട്ടിന് ശ്രമിക്കവെയാണ് പുറത്തായത്. ആദ്യ ശ്രമത്തിൽ കൈയ്യിൽ നിന്ന് വഴുതിയ പന്ത് രണ്ടാമത്തെ ശ്രമത്തിൽ കുൽദീപ് യാദവ് കൈയിലൊതുക്കി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ 286 റൺസിന്റെ മികച്ച ലീഡിൽ തൃപ്തരായ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ വിൻഡീസ് ബാറ്റിംഗിനിറങ്ങുകയായിരുന്നു. എന്നാൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരടങ്ങുന്ന സ്പിൻ ത്രയം വിൻഡീസ് ബാറ്റ്‌സ്മാൻമാരെ വട്ടംകറക്കി. അലിക് അതനാസെ, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ചെറുത്തുനിൽപ്പ് അധികം നീണ്ടുനിന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *