ക്യാൻസർ രോഗിയായ കുട്ടിയേയും കുടുംബത്തേയും പെരുവഴിയിലാക്കി സ്വകാര്യ ബാങ്കിൻ്റെ ജപ്തി

തിരുവനന്തപുരം: ക്യാൻസർ രോഗിയായ കുട്ടിയേയും കുടുംബത്തേയും പെരുവഴിയിലാക്കി സ്വകാര്യ ബാങ്കിൻ്റെ ജപ്തി. വിതുര – കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തത്. ഇതോടെ സന്ദീപും കുടുംബവും പെരുവഴിയിലായി. സന്ദീപിൻ്റെ 10 വയസുള്ള മകൻ ക്യാൻസർ രോഗിയാണ്. കഴിഞ്ഞ ഒരു വർഷമായി ആർസിസിയിൽ ക്യാൻസർ ചികിത്സയിലാണ്. വീട് ജപ്തി ചെയ്തതോടെ മകനെ കിടത്താൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണെന്ന് സന്ദീപ് പറയുന്നു.
ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പ എടുത്തത്. അതിലേക്ക് കുറച്ച് അടച്ചിരുന്നു. എന്നാൽ കോവിഡ് വന്നപ്പോൾ ബിസിനസ് നഷ്ടത്തിലായി. 3 തവണ ബാങ്ക് അവധി തന്നെങ്കിലും പണം അടയ്ക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ മകന് ക്യാൻസറും സ്ഥിരീകരിച്ചു. ഇതോടെ ലോൺ പൂർണ്ണമായും വീഴ്ച്ചയിലായി. അതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു. എന്നാൽ ലോൺ അടയ്ക്കാൻ 6- മാസം കാലാവധി കിട്ടിയാൽ വീട് വീറ്റ് കടം വീട്ടാൻ കഴിയുമെന്നാണ് സന്ദീപ് പറയുന്നത്.