രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്

തൃശൂർ: ചാനൽ ചർച്ചയ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ പെരാമംഗലം പൊലീസ് കേസെടുത്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. എബിവിപി മുൻ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു പ്രിന്റു.
ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെപ്പോലെ ഇവിടെ ജനങ്ങൾ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സർക്കാരിന്റെ കൂടെ ജനങ്ങൾ ഉണ്ട്. അതുകൊണ്ട് അങ്ങനെയൊരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ നെഞ്ചത്ത് വെടിയുണ്ട വീഴും. ഒരു സംശയവും വേണ്ട ‘, എന്നായിരുന്നു ചർച്ചയ്ക്കിടെ പ്രിന്റു മഹാദേവിന്റെ പരാമർശം. സംഭവത്തിൽ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
പ്രിന്റു മഹാദേവന്റെ വീട്ടിലേക്കുള്ള മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കെസി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.