ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സതീശൻ; മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ധനകാര്യ മന്ത്രിയായതുകൊണ്ട് തന്റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താൻ കാണുന്നതെന്ന ചോദ്യത്തോടെയാണ് കെഎൻ ബാലഗോപാൽ മറുപടി തുടങ്ങിയത്.
നികുതിയേതര വരുമാനങ്ങള്‍ കൂടിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്മെന്റ് ഞങ്ങൾ നടത്തുന്നുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഇപ്പോള്‍ ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ചെക്ക് പോലും മാറാൻ കഴിയുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചര്‍ച്ചക്കിടെ ആരോപിച്ചത്. ഹൃദയപൂർവം ആളുകളെ ചേർത്ത് നിർത്തുക എന്നതാണ് സർക്കാർ സമീപനമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.
ആയിരക്കണക്കിന് മനുഷ്യരുട ഹൃദയം കവർന്നതുകൊണ്ടാണ് പിന്തുണ കിട്ടുന്നത്. ഈ സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നില്ല. ഞങ്ങൾ വാചകം അടിച്ചു പോവുകയല്ല. ഒരു പൈസയും ഈ സർക്കാർ വകമാറ്റിയിട്ടില്ല. നികുതി പിരിവിൽ ഒത്തുതീർപ്പില്ല. നികുതി വെട്ടിക്കാൻ ശ്രമിക്കുന്നവർക്ക് കീഴ്പ്പെടില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കേരളത്തിൽ ഇത് പോലെ ഒരു ഓണം മുമ്പ് ഉണ്ടായിട്ടില്ലെന്നും കേരളത്തിൽ പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും നിന്നുപോകുന്നില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ഏതെങ്കിലും കോൺട്രാക്ടർക്ക് പണം കിട്ടാത്ത അവസ്ഥ ഇപ്പോൾ ഉണ്ടോ? കോൺട്രാക്ടർമാർക്ക് പണം നൽകുന്നതിന് തടസമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പണം നൽകുന്നില്ല എന്നാണ് ആക്ഷേപം. പണം നൽകുന്നതിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്ഥാനങ്ങളുടെ പണം കൊടുത്തിരിക്കും. അതിൽ യു.ഡി.എഫിന് വിഷമം വേണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിസന്ധി ഇന്ന് തീരും നാളെ തീരും എന്ന പ്രതീതി ധനമന്ത്രി നൽകിയെന്നും എന്നാൽ ഇപ്പോൾ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണെന്നും സപ്ലൈയ്കോയും മെഡിക്കൽ സർവീസസ് കോർപറേഷനും പ്രതിസന്ധിയിലാണെന്നും വിഡി സതീശൻ പറഞ്ഞു. ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യ കുടിശികയായി നൽകാനുള്ളത് ഒരു ലക്ഷം കോടിയാണ്. ചെക്കു മാറാൻ പോലും കഴിയാതിരിക്കുന്നതിന് അർത്ഥം പ്രതിസന്ധി ഇല്ലെന്നാണോ? ജിഎസ്ടി നികുതി നിരക്കിലെ വ്യത്യാസം കാരണം ജനങ്ങളുടെ കയ്യിൽ പൈസ ഉണ്ടാകും.
നികുതി വരുമാനം കൂട്ടാൻ എന്ത് പദ്ധതിയാണ് സർക്കാരിന് ഉള്ളതെന്ന് ചോദിച്ച വിഡി സതീശൻ വിവിധ വിഭാഗങ്ങൾക്കായി 2000 കോടി കുടിശികയുണ്ടെന്നും പറഞ്ഞു.ജി എസ് ടി ഇന്റലിജൻസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റൂൾസിന് വിരുദ്ധമായതിനാൽ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. പദ്ധതികൾ വെട്ടിക്കുറച്ച് കുറുക്ക് വഴിയിലൂടെ സമ്പദ്ഘടനയെ കൊണ്ടുപോകുന്നുവെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴൽനാടൻ പറഞ്ഞു. നികുതി പിരിവിലടക്കം വൻ വീഴ്ചയെന്നും വിമര്‍ശിച്ചു.