സ്വർണവില കുതിച്ചുയരുന്നു; പവന് 85,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 10,670 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഈ വർഷം ഇതാദ്യമായാണ് സ്വർണവില 85,000 കടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 84,680 രൂപയും ഗ്രാമിന് 10,585 രൂപയുമായിരുന്നു. സ്വർണവിലയിലുണ്ടാകുന്ന വർദ്ധനവ് ആഭരണം വാങ്ങാനായി കാത്തിരുന്നവരെയും വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമായത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. അതിനോടൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരാനിരിക്കുന്നതും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും.

വിലക്കുതിപ്പിന് പിന്നിൽ

1. സാമ്പത്തിക തളർച്ച മറികടക്കാൻ അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനൊരുങ്ങുന്നു.

2. യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം തുടർച്ചയായി ഉയർത്തുന്നു.

3. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാൽ ഇറക്കുമതി ചെലവ് കൂടുന്നു.

4. സുരക്ഷിത നിക്ഷേപമായ സ്വർണം ആഗോള ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *