ജി സുകുമാരൻ നായർക്കെതിരെ വീണ്ടും ഫ്ലെക്സുകൾ

തിരുവല്ല: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധ ഫ്ലെക്സുകൾ വീണ്ടും ഉയർന്നു. തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയിലാണ് ഇത്തവണ ‘സേവ് നായർ ഫോറത്തിന്റെ’ പേരിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ പത്തനംതിട്ടയിലെ വെട്ടിപ്പുറത്തായിരുന്നു ആദ്യമായി പ്രതിഷേധ ബോർഡ് ഉയർന്നത്.

പെരിങ്ങരയിലെ 1110-ാം നമ്പർ എൻഎസ്എസ് കരയോഗ കെട്ടിടത്തിന് മുൻപിലും, തൊട്ടടുത്ത കോസ്മോസ് ജംഗ്ഷനിലും, പെരിങ്ങര ജംഗ്ഷനിലും, ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലുമാണ് നിലവിൽ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചുകൊണ്ട്, പാൻ ഇന്ത്യൻ ചിത്രം ബാഹുബലിയിലെ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രം ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും ബാനറുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘പിന്നിൽനിന്നും കാലു വാരിയ പാരമ്പര്യം നല്ല നായർക്കില്ല’, ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവെക്കുക’ തുടങ്ങിയവയാണ് ബാനറുകളിലെ പ്രധാന മുദ്രാവാക്യങ്ങൾ.

പത്തനംതിട്ടയിലെ വെട്ടിപ്പുറത്ത് ആരംഭിച്ച പ്രതിഷേധത്തിന് പിന്നാലെയാണ് പെരിങ്ങരയിലും ബാനറുകൾ ഉയർന്നത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരായ പ്രതിഷേധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്.

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം ഏറെ ചർച്ചയായിരുന്നു. ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതോടൊപ്പം യു ഡി എഫിനെയും ബി ജെ പിയേയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെ സുകുമാരൻ നായർക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

സ്വന്തം കുടുംബത്തിനുവേണ്ടി സമുദായത്തെ പിന്നിൽ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്നുവെന്നായിരുന്നു പത്തനംതിട്ടയിൽ അദ്ദേഹത്തിനെതിരെ ഉയർന്ന ബാനറിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കോട്ടയം പൂഞ്ഞാറിലും ഇദ്ദേഹത്തിനെതിരെ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലും സുകുമാരൻ നായർക്കെതിരെ സമാനമായി ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കുറ്റിയാണിക്കാട് എൻഎസ്എസ് കരയോഗത്തിന് മുന്നിലായിരുന്നു പ്രതിഷേധ ബോർഡ് ഉയർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *