കരൂർ ദുരന്തത്തിൽ വിജയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും?

വിജയുടെ തമിഴ്നാട് വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ 39 പേർ മരണമടഞ്ഞ സംഭവത്തിൽ വിജയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇനിയുണ്ടായേക്കാവുന്ന തുടർ നടപടികളാകും ഇന്നത്തെ പ്രധാന വാർത്തകളിൽ ഇടം പിടിക്കുക. കേരളത്തിൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ഇന്ത്യ- പാക് ടീമുകൾ മത്സരിക്കുന്ന ഏഷ്യാ കപ്പ് ഫൈനലിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇന്ന് മുതൽ കേരളത്തിൽ കാന്താര ചാപ്റ്റർ-1 സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ആവും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഇന്നലെ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത. ഇന്ന് പുലർച്ചയോടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.