ഇപ്പോഴത്തെ നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന്; ജി സുകുമാരൻ നായര്‍

കോട്ടയം: എൻഎസ്എസിന്‍റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തിൽ അംഗങ്ങള്‍ പിന്തുണച്ചു. സമദൂര നയത്തിൽ നിന്ന് മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു.
ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരൻ നായർ യോഗത്തിൽ വ്യക്തമാക്കി. യോഗത്തിനുശേഷം സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എൻഎസ്എസിനില്ലെന്നും സുകുമാരൻ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സമദൂര നയത്തിൽ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്‍റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്. അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തിൽ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തിൽ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താൻ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല. പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാൻ യോഗത്തിൽ പറഞ്ഞു കഴിഞ്ഞു.
യോഗത്തിൽ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാൻ വരുന്നതിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരൻ നായര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാൻ ആണെങ്കിൽ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാൻ കഴിയില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് മാറ്റി അത് എൻഎസ്എസിന് അനുകൂല നിലപാടായതുകൊണ്ടാണ് പിന്തുണച്ചതെന്ന് യോഗത്തിനുശേഷം അംഗങ്ങള്‍ പ്രതികരിച്ചു. എൻഎൻഎസിന്‍റെ ഉയര്‍ച്ചുവേണ്ടിയുള്ള എല്ലാ ഉത്തരവാദിത്വവും ജി സുകുമാരൻ നായര്‍ നിര്‍വഹിക്കുന്നുണ്ടെന്നും യോഗത്തിൽ അദ്ദേഹത്തിന്‍റെ നിലപാടിനെ പൂര്‍ണമായും പിന്തുണച്ചുവെന്നും അംഗങ്ങള്‍ പറഞ്ഞു.
പ്രതിഷേധം ഉയരുമ്പോഴും പ്രതിനിധി സഭയുടെ പിന്തുണ സുകുമാരൻ നായര്‍ക്ക് നേട്ടം
ശബരിമല വിശ്വാസപ്രശ്നത്തിൽ ഇടത് സർക്കാറിനെ അനുകൂലിച്ച ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ പല കരയോഗങ്ങളിലും പ്രതിഷേധം ഉയരുന്നതിനിടെയും നിലപാടിന് എൻഎസ്എസ് പ്രതിനിധിസഭാ യോഗത്തിന്‍റെ പിന്തുണ ലഭിച്ചത് ജനറൽ സെക്രട്ടറിക്ക് നേട്ടമായി. സംഘടനയുടെ പേരിൽ ഉയരുന്ന പ്രതിഷേധങ്ങളെയും സുകുമാരൻ നായർ തള്ളി.ശബരിമല വിശ്വാസപ്രശ്നത്തിൽ ഇടത് സർക്കാറിനെ വിശ്വാസമാണെന്ന് ജി സുകുമാരൻനായരുടെ നിലപാട് വലിയ ചർച്ചയാണ്.
സംഘടനയുടെ പേരിൽ പലസ്ഥലത്തും ജനറൽ സെക്രട്ടറിക്കെതിരെ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സമുദായത്തെ ഒറ്റിയ കട്ടപ്പയെന്ന പോസ്റ്ററുൾ ഉയരുന്നതിനിടെയാണ് പെരുന്നയിൽ ചേർന്ന പ്രതിനിധി സഭ സുകുമാരൻ നായരെ പിന്തുണച്ച് രംഗത്തെത്തിയത്. വിശ്വാസ പ്രശ്നത്തിലെ ഇടത് ചായ്‍വ് യോഗത്തിലും സുകുമാരൻ നായർ ആവർത്തിച്ചു. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്നാണ് വിശദീകരണം. അതേ സമയം സംഘടനയുടെ രാഷ്ട്രീയ നിലപാട് സമദൂരം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി.