‘തിരുത്തലെങ്കിൽ തീ പാറും’: സമ്മേളനത്തിൽ ഒതുങ്ങുമോ സിപിഐയുടെ സർക്കാർ വിമർശനം?

ആലപ്പുഴ ∙ ആഭ്യന്തരം ഉൾപ്പെടെ സർക്കാരിലെ വിവിധ വകുപ്പുകൾക്കെതിരെ സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന രൂക്ഷമായ വികാരപ്രകടനങ്ങൾ സിപിഎം, ഭരണ നേതൃത്വങ്ങൾക്കു മുന്നിലെത്തിക്കാൻ മുന്നണിയിലെ രണ്ടാം കക്ഷി ധൈര്യപ്പെടുമോ? സിപിഐ സംസ്ഥാന സമ്മേളനത്തിനു കൊടിയിറങ്ങിയപ്പോൾ ഉയരുന്ന വലിയ ചോദ്യമാണത്. ഭരണത്തിനും സിപിഐ നേതൃത്വത്തിനുമെതിരെ സമ്മേളനത്തിൽ ഉയർന്ന രൂക്ഷ വിമർശനങ്ങൾ ഉൾക്കൊണ്ടു കർശന തിരുത്തലുകൾക്കു പാർട്ടി തയാറായാൽ മുന്നണിയിലും മുന്നണി സർക്കാരിലും അതു പുതിയ കനലുകൾ തീർക്കും.
അല്ലാത്തപക്ഷം, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മാസങ്ങൾ മാത്രം ശേഷിക്കെ വലിയ വില കൊടുക്കേണ്ടി വരുമെന്ന സൂചനയും സമ്മേളനം നൽകുന്നു. പൂരം കലക്കലും ഇടിമുറികളും കൊണ്ടു ‘പേരുകേട്ട’ കേരള പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത്തിയ സമ്മേളനം, പാർട്ടിയുടെയും മുന്നണിയുടെയും അടിത്തറയായ അടിസ്ഥാനവർഗത്തെ മറന്ന് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’ നു പിന്നാലെ പോകുന്നതിനു കർശന താക്കീതും നൽകി.
സിപിഐയുടെ വകുപ്പുകൾക്കാവശ്യമായ ഫണ്ട് നൽകുന്നതിൽ തുടരുന്ന ചിറ്റമ്മനയം തിരുത്തണമെന്നതും സമ്മേളനത്തിന്റെ പൊതുവികാരമായി.ഭരണം സിപിഎം ഏകപക്ഷീയമായി കൈകാര്യം ചെയ്യുമ്പോൾ മുഖ്യമന്ത്രിക്കു മുന്നിൽ ഭവ്യതയോടെ നിൽക്കുകയാണെന്ന വിമർശനവും സിപിഐ നേതൃത്വത്തിനുള്ള താക്കീതായിരുന്നു. ലോകകേരളസഭയും ശബരിമലയിൽ നടത്താൻ പോകുന്ന അയ്യപ്പസംഗമവും ഇടതു നയമല്ലെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടുമ്പോൾ, പരസ്യമായി അവയെ തള്ളിപ്പറയാനാവാത്തത്ര വെട്ടിലാണു സിപിഐ.
കേരളത്തിന്റെ വികസന ചരിത്രം പറയുമ്പോൾ സി.അച്യുതമേനോനെയും പി.കെ.വാസുദേവൻ നായരെയും സിപിഎം ബോധപൂർവം ഒഴിവാക്കുന്നുവെന്ന വിമർശനത്തിനുള്ള തിരുത്തലായാണ്, സി.അച്യുതമേനോൻ സെന്ററുമായി ചേർന്നു നവകേരളത്തിനു സിപിഐ മോഡൽ വികസന രേഖ തയാറാക്കുമെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.
ധനം, ആരോഗ്യം, എക്സൈസ്, ഉന്നത വിദ്യാഭ്യാസം, സഹകരണം തുടങ്ങി സിപിഎം കയ്യാളുന്ന വകുപ്പുകളും വിമർശനത്തിനിരയായി. ഒപ്പം, സിപിഐ മന്ത്രിമാരും സംസ്ഥാന സെക്രട്ടറിയും അടക്കം കർശന തിരുത്തലുകൾക്കു വിധേയമാകണമെന്നതും സമ്മേളനത്തിന്റെ പൊതുനിലപാടായി. ആ വഴിക്കു ബിനോയ് വിശ്വവും കൂട്ടരും നീങ്ങുന്നില്ലെങ്കിൽ പാർട്ടിയുടെ പുതിയ യുട്യൂബ് ചാനലിന്റെ പേരു പോലെ ‘കനലുകൾ’ ഇനിയും എരിയാം.
ലോക്കപ്പ് മർദനത്തിൽ കർശന നടപടി
സിപിഐക്കു പങ്കാളിത്തമുള്ള സർക്കാരിന്റെ നയമല്ല ലോക്കപ്പ് മർദനമെന്നും അത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്കപ്പ് മർദനങ്ങളെ നേരിട്ടാണു കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്. പാർട്ടിയുടെ എത്രയോ നേതാക്കൾ ക്രൂരമായ ലോക്കപ്പ് മർദനങ്ങൾക്ക് ഇരയായി ചോര തുപ്പിയിട്ടുണ്ട്. ലോക്കപ്പുകളെ ഇടിമുറികളാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും.
കേരള പൊലീസിലെ എല്ലാ തലത്തിലുമുള്ള ഇത്തരം ആളുകളെ കണ്ടുപിടിച്ചു തക്കതായ ശിക്ഷ കൊടുക്കും. അത്തരക്കാർ കനത്തവില കൊടുക്കേണ്ടി വരുമെന്നും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബിനോയ് വിശ്വം പറഞ്ഞു.‘കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങൾ ‘ജയ് ജയ്’ പാടാനുള്ളതല്ല. വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നവയാണ്. അത് എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല; ശക്തിപ്പെടുത്താനാണ്. തിരുത്തേണ്ടതു തിരുത്തും’– ബിനോയ് വിശ്വം പറഞ്ഞു.



