യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവം. വി ഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ചർച്ച നടത്തി. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകാനിടയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെ പകരം അധ്യക്ഷന്റെ കാര്യത്തിൽ സമവായമായിരുന്നില്ല. അബിൻ വർക്കി, കെ എം അഭിജിത്, ബിനു ചുള്ളിയിൽ, ഒ ജെ ജനീഷ് എന്നീ പേരുകളാണ് ചർച്ചയിലുള്ളത്.

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. നേതാക്കന്മാരുമായി കൂടിയാലോചനകൾ നടക്കുകയാണ്. കേരളത്തിനും യൂത്ത് കോൺഗ്രസിനും ഗുണകരമായ തീരുമാനമായിരിക്കും എടുക്കുക എന്നും ഉദയ് ബാനു ചിബ് ദില്ലിയിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ല. സമയമെടുത്ത് യൂത്ത് കോൺഗ്രസിനും കേരളത്തിനും നല്ലതായ ഒരു തീരുമാനമെടുക്കുമെന്നാണ് ഉദയ് ബാനു ചിബ് പറഞ്ഞത്. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിമർശനവുമായി സംസ്ഥാന സെകട്ടറി ജഷീർ പള്ളി വയൽ രം​ഗത്തെത്തിയിരുന്നു. പ്രസിഡന്‍റിനെ ഉടൻ പ്രഖ്യാപിക്കണമെന്ന് ജഷീർ പള്ളി വയൽ ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് നാഥനില്ലാ കളരിയായെന്നും ജഷീർ പള്ളി വയൽ പോസ്റ്റിൽ വിമർശിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനം ഒഴിഞ്ഞ് ആഴ്ച്ചകൾ പിന്നിട്ടിട്ടും യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നത്.

നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ് രം​ഗത്തെത്തിയിരുന്നു. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡന്റ്‌ ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു നിർദേശം. കെ സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്ന് എ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നു. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ കൂടിയാലോചന നടത്തിയെങ്കിലും തീരുമാനത്തിൽ എത്താനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *