മർദനത്തിൽ ഷാജൻ സ്കറിയയ്ക്ക് പരുക്ക്; മർദിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ

തൊടുപുഴ ∙ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനത്തിൽ പരുക്കേറ്റ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ മങ്ങാട്ടുകവലയിൽ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീർ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തു ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മർദനം.
മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറിൽ മറ്റൊരു കാർ ഇടിച്ചു. തുടർന്ന് കാർ നിർത്തിയ ഷാജനെ കാറിനുള്ളിൽ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മൂക്കിൽനിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജൻ. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും
വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റി. ഡിവൈഎഫ്ഐ പ്രവർത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജൻ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.



