ഞാനും ഗാന്ധിഭവനിലെ ഒരു അന്തേവാസിയായിരുന്നു; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി;കൊല്ലം തുളസി

ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു എന്ന് വെളിപ്പെടുത്തി നടൻ കൊല്ലം തുളസി. ഗാന്ധിഭവനിൽ വച്ചുനടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. ഓമനിച്ചു വളർത്തിയ സ്വന്തം മകൾ പോലും പിണക്കം കാണിച്ചിരുന്ന കാലത്താണ് ഗാന്ധിഭവനിലേക്ക് കൊല്ലം തുളസി താമസത്തിനായി എത്തിയത്. ഗാന്ധിഭവനിലേക്ക് അഭയത്തെ തേടിയെത്തിയ നടി ലൗലിയുടെ ജീവിതത്തെക്കുറിച്ചും കൊല്ലം തുളസി വാചാലനായി. കൊല്ലം തുളസിയുടെ വാക്കുകൾ ‘നിങ്ങൾക്ക് പലർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്.
ഞാൻ ഇവിടുത്തെ ഒരു അന്തേവാസി ആയിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോൾ ഒരു ആറു മാസം ഇവിടെ വന്നുകിടന്നു ഞാൻ. ഭാര്യയും മകളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവരാൽ തിരസ്കരിക്കപ്പെട്ടപ്പോൾ ഒറ്റപ്പെട്ട സമയത്താണ് ഞാൻ ഇവിടെ അഭയം തേടിയത്. ഞാൻ ഓമനിച്ചു വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എൻജിനിയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഫോണിൽ വിളിക്കുകപോലും ഇല്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്
എന്റെ കൂടെ അഭിനയിച്ചിരുന്ന ഒരു വലിയ നാടക നടിയും ഇവിടെ ഉണ്ട്. ലൗലി. ഒരുപാടു നാടകങ്ങളിൽ അഭിനയിച്ച ആളാണ്. അധ്വാനിച്ച് അവർ മക്കളെ പഠിപ്പിച്ചു. കുടുംബം നോക്കി. സ്റ്റേറ്റ് അവാർഡ് വാങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അവർക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്നു പറഞ്ഞ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവർ ഇവിടെ എത്തിയിരിക്കുകയാണ്.
ലൗലിക്ക് അവരുടെ അമ്മയെ വിട്ടുപിരിയാൻ വയ്യ. മാതൃസ്നേഹമാണല്ലോ ഏറ്റവും വലുത്. അവരുടെ ഭർത്താവും മക്കളും പറയുന്നത് നിങ്ങൾ ആ തള്ളയെ എവിടെയെങ്കിലും കൊണ്ടുപോയി കളയൂ എന്നാണ്. അമ്മയെ കൊണ്ടുപോയി കളയാൻ ലൗലിക്ക് കഴിഞ്ഞില്ല. പിന്നെ ബുദ്ധിമുട്ടായി, പ്രയാസങ്ങളായി. ദാരിദ്ര്യമായി. ആയകാലത്ത് മക്കളെ പഠിപ്പിച്ചു. മക്കളൊക്കെ സർക്കാർ ഉദ്യോഗസ്ഥരാണ്. അവരും ഇവിടെ വന്നു അഭയം പ്രാപിച്ചിരിക്കുകയാ. രണ്ടു കയ്യും നീട്ടി ഗാന്ധിഭവൻ അവരെ സ്വീകരിച്ചു. ഇതാണ് മനുഷ്യന്റെ അവസ്ഥ.



