യുവാവും യുവതിയും വീട്ടിൽ മരിച്ചനിലയിൽ, മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം

തൊടുപുഴ ∙ വീടിനുള്ളിൽ യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിലും യുവതിയെ മറ്റൊരു മുറിയിൽ മരിച്ചനിലയിലും കണ്ടെത്തി. ഇടുക്കി ഉടുമ്പന്നൂർ പാറേക്കവല മനയ്ക്കതണ്ടിൽ വാടകയ്ക്കു താമസിക്കുന്ന അടിമാലി കൊന്നത്തടി മണിയനാനിക്കൽ ശിവഘോഷ് (20), അടിമാലി പാറത്തോട് പൂതാളി ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവരാണു മരിച്ചത്. ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. മീനാക്ഷി വാഴക്കുളത്ത് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎഡ് വിദ്യാർഥിയാണ്. ശിവഘോഷിന്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന പാറേക്കവലയിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെയാണു സംഭവം.

ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ശിവഘോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ അയൽവാസികളുടെ സഹായത്തോടെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടു വീടിനുള്ളിൽ കയറിയവരാണ് അടുത്ത മുറിയിൽ മീനാക്ഷിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി. മീനാക്ഷിയുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാടുണ്ടെന്നും പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

ശിവഘോഷും മീനാക്ഷിയും പ്രണയത്തിലായിരുന്നെന്നും ഇടയ്ക്ക് ഇരുവരും ഇവിടെ വന്നിരുന്നതായും നാട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. തർക്കത്തെത്തുടന്നു മീനാക്ഷിയെ കൊലപ്പെടുത്തിയ ശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതാകാമെന്നാണു നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വ്യക്തതയുണ്ടാവുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു. ശിവഘോഷിന്റെ പിതാവ്: ഷാജി. അമ്മ: ജയ്മോൾ. മീനാക്ഷിയുടെ പിതാവ്: പരേതനായ ഷൈജു. അമ്മ: ഷിജി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *