രാഹുലിനെതിരെയുളള ആരോപണങ്ങൾ വിശദമായി അന്വേഷിക്കും; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കും സിപിഎമ്മിനും കോൺഗ്രസിനെ വിമർശിക്കാൻ അവകാശമില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിൽ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അദ്ദേഹത്തിനെതിരെ ഒരു പരാതി പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ആരോപണങ്ങൾ വന്ന് 24 മണിക്കൂറിനുളളിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചു. ഈ കാര്യങ്ങളിൽ വിമർശനങ്ങൾ നടത്തുന്നവർ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും.
കേരളത്തിൽ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ആളുകൾ ക്ലിഫ് ഹൗസിലേക്കാണ് മാർച്ച് നടത്തേണ്ടത്.ബിജെപിയുടെ മുൻമുഖ്യമന്ത്രി ഒരു പോക്‌സോ കേസിൽ പ്രതിയായിട്ടും ഇപ്പോഴും ഉന്നത സ്ഥാനത്ത് ഇരിക്കുന്നുണ്ട്. അതുകൊണ്ട് ബിജെപി നേതാക്കൻമാർ ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ വരേണ്ട. കോൺഗ്രസിന് ഒരു തീരുമാനമുണ്ട്. അത് ഞങ്ങൾ എടുത്തോളാം.
ആരോപണം ഉന്നയിച്ച സ്ത്രീകൾക്കെതിരെ ഒരു യുഡിഎഫ് പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ വേട്ടയാടരുത്. അത് ഞങ്ങളുടെ സംസ്‌കാരമല്ല. അദ്ദേഹം നിരപരാധിയാണെങ്കിൽ നിരപരാധിത്വം തെളിയിക്കാനുളള അവസരം നൽകും. സിപിഎമ്മിന് ബിജെപിക്കും ഇതിനെക്കുറിച്ച് പറയാനുളള അവകാശമില്ല. വികെ ശ്രീകണ്ഠന്റെ പരാമർശം തെറ്റാണെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു. അദ്ദേഹം അത് തിരുത്തിയിട്ടുണ്ട്’- വിഡി സതീശൻ പറഞ്ഞു.



