വോട്ടര്‍ പട്ടിക ക്രമക്കേട്; ആരോപണങ്ങളില്‍ അന്വേഷണമില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതിപക്ഷം ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള ആരോപണം കമ്മീഷൻ നിഷേധിച്ചു. വോട്ടര്‍ പട്ടിക ക്രമക്കേട് അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷത്തിന് യാതൊരു തെളിവും നല്‍കാനായില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വോട്ട് ചോരിയില്‍ അന്വേഷണമുണ്ടാകില്ലെന്നു പറഞ്ഞ കമ്മീഷന്‍, രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.

വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെയാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രചരിപ്പിച്ചത്. വോട്ടുകൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണ്. കമ്മീഷന്‍ ആരെയും ഭയപ്പെടുന്നില്ല. കേരളത്തില്‍ അടക്കം ഉയര്‍ന്ന പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ പ്രക്രിയ ഉചിതമായ സമയത്ത് ആരംഭിക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ 45 ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. എന്നാല്‍ പാര്‍ട്ടികള്‍ വൈകിയാണ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. അതേസമയം ബീഹാറില്‍ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ട് പോകുമെന്ന് കമ്മീഷന്‍ തറപ്പിച്ചു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *