ഡോ. വന്ദനാദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി, ഉദ്ഘാടനം ഇന്ന്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റുമരിച്ച യുവഡോക്ടർ വന്ദനാദാസിന്റെ സ്‌മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന്. 11.30-ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
മകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നതെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. ലാഭേച്ഛയില്ലാതെ ആശുപത്രി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മധുരവേലി പ്ലാമൂട് ജങ്ഷന് സമീപം ലക്ഷ്മി കോംപ്ലെക്‌സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒൻപതുമുതൽ വൈകീട്ടുവരെയാകും ക്ലിനിക്ക് പ്രവർത്തിക്കുക. വന്ദനയുടെ പേരിൽ തുടങ്ങുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. കഴിഞ്ഞ ഒക്ടോബറിൽ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ വന്ദനയുടെ പേരിൽ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.