ഇന്ന് ചിങ്ങം ഒന്ന്, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതുവത്സരം

തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതുവത്സരം. പഞ്ഞക്കര്‍ക്കിടകത്തിന്റെ ദാരിദ്രത്തിന് വിട പറഞ്ഞുകൊണ്ട് പൊന്നിന്‍ ചിങ്ങം പുലര്‍ന്നിരിക്കുകയാണ്. ചിങ്ങ മാസം മലയാളികള്‍ക്ക് വെറുമൊരു മാസമല്ല, പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓണത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയാണ്. ചിങ്ങ മാസത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പഞ്ഞമാസമായ കര്‍ക്കിടകത്തിലെ മഴയും പട്ടിണിയും കൊണ്ട് വലഞ്ഞ നമ്മുടെ മുന്‍ തലമുറയിലെ ആളുകളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഇളവെയിലടിച്ചുകൊണ്ടായിരുന്നു ചിങ്ങപ്പുലരി പിറന്നിരുന്നത്.
അത്തം മുതല്‍ പത്ത് ദിവസങ്ങള്‍ക്കായുള്ള ഒരുക്കം ഇന്നുമുതല്‍ ഓരോ മലയാളികളുടെ വീടുകളിലും ആരംഭിക്കും. ഉപ്പേരി വറക്കുന്നതിന്റെ ശര്‍ക്കര വരട്ടിയുടെ പല പല കറികളുടെ മണം ഓരോ വീട്ടില്‍ നിന്നായി പതിയെ തലപൊക്കാന്‍ തുടങ്ങും. ഇനി ആഘോഷത്തിന്റെ മാസമാണ്. ഓണത്തിന് പത്ത് ദിവസം എങ്ങനെ പൂക്കളമൊരുക്കണം, ഏത് നിറത്തിലുള്ള ഉടുപ്പ് വാങ്ങണം, സദ്യയില്‍ ഏതൊക്കെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം തുടങ്ങി പലവിധ ചിന്തകള്‍ ഇനിയാണ് തുടങ്ങുക.
ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. കൊയ്ത്താണ് ചിങ്ങമാസത്തിലെ മറ്റൊരു പ്രത്യേകത. നെല്‍പ്പാടങ്ങളാല്‍ സമൃദ്ധമായിരുന്ന കേരളത്തില്‍ കൊയ്ത്ത് ഒരു ഉത്സവം തന്നെയായിരുന്നു. പാടത്ത് വിളഞ്ഞ നെല്ല് കൊയ്ത്, കറ്റകളാക്കി, അത് മെതിച്ച്, പുഴുങ്ങി, കുത്തി അരിയാക്കുന്ന പ്രക്രിയ ഒരു നാടിന്റെ മുഴുവന്‍ ആഘോഷമായിരുന്നു.