മലപ്പുറത്ത് കാര്‍ തടഞ്ഞ് രണ്ട് കോടി രൂപ കവര്‍ന്ന സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്രയില്‍ കാര്‍ ആക്രമിച്ച് രണ്ട് കോടി രൂപ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തെന്നല സ്വദേശി മുഹമ്മദ് ഹനീഫിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്നത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമെന്ന് താനൂര്‍ ഡിവെഎസ്പി പി. പ്രമോദ് പറഞ്ഞു. ഹനീഫിന്റെയും പണം കൊടുത്ത വ്യക്തിയുടെയും വിശദമായ മൊഴിയെടുത്തു.
മുഖത്ത് തുണി കെട്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും ഡിവെഎസ്പി പറഞ്ഞു. കാറിന്റെ ചില്ലുകള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകര്‍ത്താണ് മോഷണം. അന്വേഷണം പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന പരിസരത്തെ സിസിടിവികളെല്ലാം പരിശോധിച്ച് അന്വേഷണം നടക്കുകയാണ്. ഹനീഫിന്റെയും പണം കൊടുത്ത വ്യക്തിയുടെയും വിശദമായ മൊഴി താനൂര്‍ പൊലീസ് രേഖപ്പെടുത്തി.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് തിരൂരങ്ങാടിയെ ഞെട്ടിച്ച് കവര്‍ച്ച നടന്നത്. കാറില്‍ വരികയായിരുന്ന ഹനീഫിന്റെ ഒരുകോടി 95 ലക്ഷം രൂപയാണ് കവര്‍ന്നത്. ഹനീഫ് നേരത്തെ കടം കൊടുത്ത പണം തിരികെ വാങ്ങി വീട്ടിലേക്ക് വരികയായിരുന്നു. ഹനീഫിനൊപ്പം കാറില്‍ ഉണ്ടായിരുന്നത് മുഹമ്മദ് അഷ്‌റഫ് എന്ന വ്യക്തിയാണ്.