പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി

പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം തീരുമാനം നടപ്പിലാക്കണം. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സമഗ്രമായ പരിശോധന ആവശ്യമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോലെ നടപ്പാക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സഹായകരമാകുമോ എന്ന് പരിശോധിക്കണം. ഈ ആശങ്ക താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ജിഎസ്ടിയില്‍ മുന്‍പുള്ള കുറവ് വരുത്തല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. കുറഞ്ഞതൊക്കെ, ഗുണമായത് കമ്പനികള്‍ക്ക് മാത്രമാണ് – അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ ആകെ വരുമാനമാര്‍ഗ്ഗമാണ് ജിഎസ്ടി എന്നും ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും ധനമന്ത്രി പറഞ്ഞു. വലിയ രീതിയിലുള്ള നഷ്ടം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീപാവലി സമ്മാനമായാണ് പ്രധാനമന്ത്രി ജിഎസ്ടി പരിഷ്‌കാരം ഉറപ്പുനല്‍കിയത്. ദീപാവലിക്ക് ജിഎസ്ടി പരിഷ്‌കാരം നടപ്പാക്കുമെന്നും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമാകുമെന്നും സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *