വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നൽകും; മന്ത്രി വി ശിവൻകുട്ടി

വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഉള്‍പ്പെടെ തീരുമാനമായി. വായനക്കായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെയ്ക്കും. അധ്യാപകര്‍ക്ക് പരിശീലനവും കൈപ്പുസ്തകവും നല്‍കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

ഫേസ്ബുക്കിലൂടെയാണ് മന്ത്രി തീരുമാനം അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം ലഘൂകരിക്കാനായി ഇന്നലെ മന്ത്രി ഫേസ്ബുക്കിലൂടെ പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ഇന്നലെ ആഘോഷ ദിവസങ്ങളില്‍ കുട്ടികള്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് നിരവധി പരിവര്‍ത്തനങ്ങളാണ് നടക്കാനിരിക്കുന്നത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി, താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്:

അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.
ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും.
വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും.
കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *