ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച് സജി നന്ത്യാട്ട്

നിർമാതാവ് സജി നന്ത്യാട്ട് ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് സജി നന്ത്യാട്ടിന്റെ ഈ രാജി.
നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. തുടർന്ന് സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു.
സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്.