പ്രതിപക്ഷം ‘വോട്ട് ചോരി’ മാര്‍ച്ച് നടത്തുന്നതിനിടയില്‍ ലോക്‌സഭ പാസാക്കിയത് രണ്ട് നിര്‍ണായക ബില്ലുകള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തുന്നതിനിടയില്‍ ലോക്‌സഭ പാസാക്കിയത് രണ്ട് നിര്‍ണായക ബില്ലുകള്‍. പുതിയ ആദായനികുതി ബില്ലും, കായിക ഭരണ ബില്ലുമാണ് പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ലോക്‌സഭയില്‍ പാസാക്കിയത്.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആദായ നികുതി ബില്ലും കേന്ദ്രമന്ത്രി മണ്‍സുഖ് മാണ്ഡവ്യ കായിക ഭരണ ബില്ലും അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്ല് പിന്‍വലിച്ച് സെലക്ട് കമ്മിറ്റിയുടെ ഭേദഗതി സഹിതമാണ് ധനമന്ത്രി പുതിയ ബില്ല് അവതരിപ്പിച്ചത്.
രാജ്യത്തെ എല്ലാ കായിക അതോറിറ്റികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സുപ്രധാന ബില്ലാണ് ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നത്. സഭയില്‍ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശനമുന്നയിച്ചത്.
പ്രതിഷേധ മാര്‍ച്ചില്‍ അറസ്റ്റ് വരിച്ച എംപിമാര്‍ മൂന്ന് മണിയോടെ സഭയിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.



