സെബാസ്റ്റ്യന്‍റെ വീട്ടിലെ മൂടിയ കിണർ തുറന്ന് പരിശോധിക്കും

ചേര്‍ത്തല: ചേർത്തലയിലെ മൂന്ന് സ്ത്രീകളുടെ തിരോധാനത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ പ്രതിയായ സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടു എന്ന് കരുതുന്ന സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി അയാളില്‍ നിന്ന് തന്നെ സൂചനകള്‍ ലഭിച്ചെങ്കിലും ബിന്ദു പത്മനാഭന്റെയും ഐഷയുടെയും തിരോധാനത്തില്‍ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ രണ്ടുതവണ തിരച്ചില്‍ നടത്തിയപ്പോളും കാണാതിരുന്ന ഒരു കിണര്‍ നിലവില്‍ മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഉപയോഗശൂന്യമായ കിണര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂടി എന്ന സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ഈ സാഹചര്യത്തില്‍ അടുത്തദിവസം കിണര്‍ തുറന്ന് പരിശോധിക്കുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. നഗരത്തില്‍ കാടുപിടിച്ച് കിടക്കുന്ന സെബാസ്റ്റ്യന്റെ സഹോദരന്റെ സ്ഥലത്തും പരിശോധന നടത്തും. നിലവില്‍ ഐഷ കേസില്‍ കൂട്ടുകാരികളായ മൂന്ന് സ്ത്രീകളെ കൂടി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഐഷയുമായി അടുപ്പമുണ്ടായിരുന്ന റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

ഇതില്‍ രണ്ടുപേരെ പ്രാഥമികമായി ചോദ്യം ചെയ്തു. മൂന്നാമത്തെയാള്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക മൊഴിയെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഡിഎന്‍എ പരിശോധന ഫലം എത്തിയാല്‍ മാത്രമെ മൂന്ന് കേസുകളുടെയും വ്യക്തമായ നിര്‍ണയിക്കാനാവുകയുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *