തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ്. ശകുന്‍ റാണിയുടെ പേരില്‍ രണ്ടു വോട്ട് ചെയ്തു. ഇരട്ട വോട്ട് ചെയ്തു എന്നതിന് തെളിവുണ്ടെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് അട്ടിമറി വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിചാരിക്കേണ്ടെന്നും വ്യക്തമായ രേഖകള്‍ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ചോദ്യം ചോദിച്ച ഞങ്ങള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ എടുക്കട്ടെ. സത്യം ഞങ്ങള്‍ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. തെളിവുകള്‍ എല്ലാം കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തു.
ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് നാളെ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബിജെപിക്ക് എന്തും പറയാം. ഞങ്ങളുടെ ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷനോടാണ്. മറുപടി കിട്ടുന്നതുവരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും,’ കെ.സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറി വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധി കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖയല്ല. രാഹുല്‍ കാണിച്ചത് ഏത് രേഖ എന്നും കമ്മിഷന്‍ ചോദിച്ചു. സത്യവാങ്മൂലതോടൊപ്പം ഇത് നല്‍കണമെന്നും നിര്‍ദ്ദേശം.
അന്വേഷണം നടത്തിയപ്പോള്‍ ഒരുതവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ശകുന്‍ റാണി അറിയിച്ചു. അതിനാല്‍ ആരോപണങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ രാഹുല്‍ ഗാന്ധി ഹാജരാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ്.